'വി ഡി സതീശന്‍ ഈഴവ വിരോധി, സ്വീകരിക്കുന്നത് മുഖ്യമന്ത്രിയാകാനുള്ള അടവ് നയം'; വെള്ളാപ്പള്ളി നടേശന്‍

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുസ് ലിം ലീഗ് ഭരിക്കുമെന്ന് വെള്ളാപ്പള്ളി

Update: 2026-01-17 15:54 GMT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഈഴവ വിരോധിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു ഈഴവനായിട്ടുള്ള കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് തെറിപ്പിച്ചത് ഇതിന്റെ ഏറ്റവും വലിയ തെളിവാണെന്നും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവ് നയമാണ് സതീശന്‍ സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വര്‍ഗീയവാദികള്‍ക്ക് കുടപിടിച്ച് അവരുടെ തണലില്‍ നില്‍ക്കുന്ന സതീശന്‍ രാഷ്ട്രീയ മര്യാദ കാണിക്കണം. ഈഴവനായ തന്നെ മുഖ്യമന്ത്രി കാറില്‍ കയറ്റിയത് സതീശന് ഇഷ്ടമായില്ല. വി ഡി സതീശന് മുസ് ലിം ലീഗിന്റെ സ്വരമാണിപ്പോള്‍. വി ഡി സതീശന് വട്ടാണ്, ഊളമ്പാറയ്ക്ക് അയക്കണമെന്നും സതീശന്‍ മുഖ്യമന്ത്രിയാകുമോയെന്ന് കാത്തിരുന്ന് കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

'മുഖ്യമന്ത്രിയുടെ വണ്ടിയില്‍ കയറിയത് വലിയൊരു കുറവായി സതീശന്‍ കാണുന്നുവെങ്കില്‍ അയാളെ ഊളമ്പാറയിലേക്ക് അയക്കണം. ഒരു ഈഴവ വിരോധിയാണ് സതീശന്‍. ഒരു പിന്നോക്കക്കാരനായ തന്നെ മുഖ്യമന്ത്രിയുടെ വണ്ടിയില്‍ കയറ്റിയതാണ് തെറ്റായി വ്യഖ്യാനിക്കുന്നത്. ഒരു പിന്നാക്കക്കാരന്‍ അങ്ങനെയൊരു വണ്ടിയില്‍ കയറാന്‍ പാടില്ലെന്നാണ് സതീശന്‍ പറയുന്നത്' വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Tags: