വോട്ട് കിട്ടിയില്ലെന്ന് ബോധ്യമായപ്പോള്‍ ഭീഷണിപ്പെടുത്തുകയാണ്; പി സി ജോര്‍ജിനെതിരേ വിമര്‍ശനവുമായി വി ഡി സതീശന്‍
തിരുവനന്തപുരം: കത്തോലിക്കാ സഭയ്ക്കും ദീപിക ദിനപത്രത്തിനും എതിരെ പി സി ജോര്‍ജും മകനും നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ അപലപനീയമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്ന് ബോധ്യമായപ്പോള്‍ ഭീഷണിയുടെ സ്വരവുമായി ബിജെപി നേതൃത്വം ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സഭയ്ക്കെതിരെ പി സി ജോര്‍ജ്ജും മകനും നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങളില്‍ ബിജെപി കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ നിലപാട് വ്യക്തമാക്കണം. സംഘപരിവാര്‍ സംഘടനകള്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ്. രാജ്യവ്യാപകമായി ക്രൈസ്തവ വേട്ട നടത്തുന്നവരാണ് വോട്ടിനു വേണ്ടി കേക്കുമായി അരമനകള്‍ കയറിയിറങ്ങിയത്. കേരളീയ സമൂഹത്തിന് സംഘപരിവാറിന്റെ കുടിലത തിരിച്ചറിയാനുള്ള പ്രയോഗിക ബുദ്ധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതൃത്വത്തിന്റെ പിന്തുണയും ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്നും എന്നാല്‍ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും വരുതിയിലാക്കാമെന്ന അജണ്ട ഇവിടെ നടപ്പിലാക്കാമെന്ന് വിചാരിക്കണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.