വിസി നിയമനം; 'ഇരുകൂട്ടര്‍ക്കും സമവായത്തിലെത്താന്‍ കഴിയില്ലെങ്കില്‍ തങ്ങള്‍ നിയമനം നടത്തും'- സുപ്രിംകോടതി

Update: 2025-12-05 10:14 GMT

ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനും ഗവര്‍ണര്‍ക്കും അന്ത്യശാസനവുമായി സുപ്രിംകോടതി. ഇരു കൂട്ടര്‍ക്കും സമവായത്തിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ തങ്ങള്‍ നിയമനം നടത്തുമെന്ന് സുപ്രിംകോടതി മുന്നറിയിപ്പു നല്‍കി. ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, പി ബി വരാലേ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. പട്ടികയില്‍ ഇല്ലാത്ത വ്യക്തിയെ നിയമിക്കാനുള്ള ഗവര്‍ണറുടെ നീക്കം സുപ്രിംകോടതി നിര്‍ദ്ദേശത്തിന്റെ ലംഘനമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ നല്‍കിയ മുന്‍ഗണന പട്ടികയില്‍ നിന്ന് നിയമനം നടത്താനാകില്ലെന്നാണ് ഗവര്‍ണര്‍ സുപ്രിംകോടതിയെ അറിയിച്ചത്. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കാനാണ് ഗവര്‍ണറുടെ ശുപാര്‍ശയെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രിംകോടതിയെ അറിയിച്ചു. സുപ്രിംകോടതി രൂപീകരിച്ച രണ്ട് സെര്‍ച്ച് പാനലുകളിലും സിസ തോമസിന്റെയും പ്രിയ ചന്ദ്രന്റെയും പേരുകള്‍ ഉള്ളതിനാലാണ് ഗവര്‍ണര്‍ ഇവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യുന്നതെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍, സിസ തോമസിന്റെ പേര് ശുപാര്‍ശ ചെയ്യാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത വ്യക്തമാക്കി. കെടിയു മിനിറ്റ്സ് രേഖകള്‍ മോഷണം പോയ കേസില്‍ സിസ തോമസ് പ്രതിയാണെന്നും, നിയമനം തടയണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

തര്‍ക്കം രൂക്ഷമായതോടെയാണ് സുപ്രിംകോടതി അന്ത്യശാസനം നല്‍കിയത്. ഇരു കൂട്ടര്‍ക്കും സമവായത്തിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ ഞങ്ങള്‍ നിയമനം നടത്തുമെന്നാണ് സുപ്രിംകോടതി അറിയിച്ചത്. യോഗ്യത ഉള്ളവരെയാണ് നിയമിക്കേണ്ടതെന്നും ജസ്റ്റിസ് ജെ ബി പര്‍ദ്ദിവാല മുന്നറിയിപ്പു നല്‍കി. സുപ്രിംകോടതി നിര്‍ദേശം മറികടക്കാന്‍ ഗവര്‍ണര്‍ക്ക് എങ്ങനെ ധൈര്യം വന്നൂവെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവര്‍ണറുടെ നിലപാടിനെതിരേ രംഗത്തെത്തി. സുപ്രിംകോടതി കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ഗവര്‍ണര്‍ക്കുവേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണി, അഭിഭാഷകന്‍ വെങ്കിട്ട സുബ്രമണ്യം എന്നിവര്‍ ഹാജരായി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത, സ്റ്റാന്റിങ് കോണ്‍സല്‍ സി കെ ശശി എന്നിവര്‍ ഹാജരായി.

Tags: