വര്‍ക്കല കസ്റ്റഡി മര്‍ദനം; നിര്‍മ്മാണ തൊഴിലാളിക്ക് ഒരു ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

എസ്ഐയില്‍ നിന്നും തുക ഈടാക്കാം

Update: 2025-11-17 12:33 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിര്‍മ്മാണ തൊഴിലാളിയെ വര്‍ക്കല എസ് ഐ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. മര്‍ദനമേറ്റ കൊല്ലം ചാത്തന്നൂര്‍ സ്വദേശി സുരേഷിന് ഒരു ലക്ഷം രൂപ നല്‍കണമെന്നാണ് നിര്‍ദേശം. തുക സുരേഷിനെ മര്‍ദിച്ച എസ്ഐ പി ആര്‍ രാഹുലിന്റെ ശമ്പളത്തില്‍ നിന്നും ഈടാക്കാമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു.

വര്‍ക്കല സ്റ്റേഷന്‍ എസ്‌ഐ പി ആര്‍ രാഹുലിനെതിരായ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. രണ്ടു മാസത്തിനകം സുരേഷിന് നഷ്ടപരിഹാരത്തുക അനുവദിക്കണം. ഈ സമയപരിധി പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ എട്ടു ശതമാനം പലിശ നല്‍കണം. ഉത്തരവ് നടപ്പാക്കി രണ്ടു മാസത്തിനകം ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. മണ്ണെടുപ്പ് പരാതിയിലാണ് സുരേഷിനെ പോലിസ് പിടിച്ചു കൊണ്ടുപോയത്. പിന്നീട് സ്റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വകുപ്പു തല അന്വേഷണവും നടക്കുന്നുണ്ട്. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്.

ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലിസ് മേധാവി, മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗം, കൊല്ലം ജില്ലാ പോലിസ് മേധാവി എന്നിവര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച റിപോര്‍ട്ടുകള്‍ പ്രകാരം പരാതിക്കാരന്റെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു. 2022 ഓഗസ്റ്റ് 30നായിരുന്നു പരാതിക്കു കാരണമായ സംഭവം അരങ്ങേറിയത്. പാലച്ചിറ സൗപര്‍ണികയില്‍ സുരേഷിന്റെ വീട്ടില്‍ മതില്‍ നിര്‍മ്മാണ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് അതിക്രമം ഉണ്ടായത്. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് അടിവയറ്റില്‍ വേദനയും മൂത്രതടസവുമുണ്ടായി. കൊല്ലം മെഡിക്കല്‍ കോളേജിലാണ് ചികില്‍സ തേടിയത്. വര്‍ക്കല എസ്‌ഐ ജയരാജ്, ജീപ്പ് ഡ്രൈവര്‍ എസ് ജെസീന്‍ എന്നിവര്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കാനായില്ലെന്ന സംസ്ഥാന പോലിസ് മേധാവിയുടെ കണ്ടെത്തിലിനോട് യോജിച്ച കമ്മീഷന്‍ ഇവരെ ഒഴിവാക്കി.