വര്‍ക്കല: ടിപ്പര്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. അയിരൂര്‍ ചാമനടി യോഗീശ്വര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വര്‍ക്കല തോക്കാട് പ്രാലേയഗിരി ശ്യാം നിവാസില്‍ അഭിനന്ദ്(21) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന വര്‍ക്കല മൈതാനം വാഴവിള വീട്ടില്‍ ഹസന്( 21) സാരമായി പരിക്കേറ്റു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45ഓടെ ദളവാപുരം-ചെറുന്നിയൂര്‍ റോഡില്‍ സര്‍വീസ് സ്‌റ്റേഷന് സമീപമായിരുന്നു അപകടം. ചെറുന്നിയൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറിയുടെ പിന്‍ഭാഗത്ത് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. അഭിനന്ദാണ് ബൈക്ക് ഓടിച്ചിരുന്നത്. ടിപ്പറിന് പിന്നില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ അഭിനന്ദിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരിക്കേറ്റ ഹസനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തൃശൂരില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥനായ പ്രദീപിന്റെ മകനാണ് അഭിനന്ദ്. അമ്മ: ശാരിക. സഹോദരന്‍: അഭിഷേക്.