വന്ദേഭാരതിന്റെ ഉദ്ഘാടനത്തിന് കേരളത്തിലെത്തി ജ്യോതി മല്‍ഹോത്ര; വി മുരളീധരനൊപ്പമുള്ള വീഡിയോ പുറത്ത്

Update: 2025-07-08 11:30 GMT

കൊച്ചി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയതിന് പിടിയിലായ ജ്യോതി മല്‍ഹോത്ര വന്ദേഭാരതിന്റെ ഉദ്ഘാടനത്തിനായി കേരളത്തില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തിരുവനന്തപുരം - കാസര്‍കോട് വന്ദേഭാരതിന്റെ ഉദ്ഘാടന ദിവസമാണ് ജ്യോതി മല്‍ഹോത്ര യാത്രചെയ്തത്. ഉദ്ഘാടന യാത്രയില്‍ ഒപ്പം കേന്ദ്ര മന്ത്രി വി മുരളീധരനും ഉണ്ടായിരുന്നു. കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെയാണ് ജ്യോതി മല്‍ഹോത്ര യാത്ര ചെയ്തത്. 2023 ഏപ്രില്‍ 25നാണ് ഇവര്‍ കാസര്‍കോട് എത്തിയത്.

ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നതില്‍ ടൂറിസം വകുപ്പിനെയോ ടൂറിസം മന്ത്രിയെയോ കുറ്റപ്പെടുത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ചാരപ്രവര്‍ത്തകയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ വ്ളോഗറെ കേരളത്തിലേക്ക് വിളിക്കില്ലെന്നും അവര്‍ ഇവിടെ വരുമ്പോള്‍ ചാരപ്രവര്‍ത്തകയാണെന്ന് ആര്‍ക്കെങ്കിലും അറിയുമോയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

''നമുക്കൊക്കെ പേടിയാണ്. നമ്മുടെ കൂടെ പലരും ഫോട്ടോയെടുക്കും. നാളെ ഇയാള്‍ പ്രതിയായാല്‍ നമ്മളെന്ത് ചെയ്യും. ഇവര് വന്നപ്പോള്‍ ചാരപ്രവര്‍ത്തകയല്ല. വ്ളോഗറെന്ന നിലയിലാണ് വിളിച്ചത്'- സതീശന്‍ പറഞ്ഞു. ഉത്തരവാദപ്പെട്ട പ്രതിപക്ഷമാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്‍ഫ്‌ളുവന്‍സര്‍മാരെ കൊണ്ടുവരുന്നത് എംപാനല്‍ഡ് ഏജന്‍സികളാണെന്നും അതില്‍ മന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.