വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉപകരണങ്ങളുടെ അപര്യാപ്ത പരിഹരിക്കുക : എസ്ഡിപിഐ

Update: 2025-07-06 13:17 GMT

ആലപ്പുഴ: വണ്ടാനം ഗവര്‍മെന്റ് ആശുപത്രിയിലെ ഉപകരണങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് എസ്ഡിപിഐ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം വണ്ടാനം ആവശ്യപെട്ടു. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ അഭാവം മൂലം മറ്റ് സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടി വരുന്ന അവസ്ഥയാണ് രോഗികള്‍ നേരിടുന്നത്. ബ്ലഡ് ബ്ലീഡിങ് ചെയറുകളുടെ എണ്ണക്കുറവ് രക്തദാനത്തിന് എത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പ്രയാസവും സമയനഷ്ടവും ഉണ്ടാക്കുന്നു. ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കാത്തത് അടക്കം മെഡിക്കല്‍ കോളേജിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അധികാരികള്‍ ഉടന്‍ തയ്യാര്‍ ആകണം. തീരദേശവാസികളും കര്‍ഷകരുമടങ്ങുന്ന ജില്ലയിലെയും സമീപ ജില്ലകളിലെയും ജനങ്ങള്‍ ആശ്രയിക്കുന്ന ആശുപത്രിയുടെ ദുരവസ്ഥ കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരെയാണ്. പൊതു ജനാരോഗ്യ മേഖലയില്‍ കൊട്ടിഘോഷിക്കുന്ന അവകാശ വാദങ്ങള്‍ ഒരു ഭാഗത്ത് വീമ്പിളക്കുമ്പോള്‍ തന്നെ ദയനീയമായ മറ്റൊരു മുഖം ജനങ്ങള്‍ കാണേണ്ടി വരുന്നു എന്നതാണ് യാഥാര്‍ഥ്യം എന്നും ഇബ്രാഹീം വണ്ടാനം പറഞ്ഞു.