വാല്‍പാറ വാഹനാപകടം: ട്രാവലറിന്റെ ബ്രേക്കിനുണ്ടായ തകരാറെന്ന് പ്രാഥമിക നിഗമനം

Update: 2026-04-19 05:46 GMT

പാലക്കാട്: ആളിയാര്‍ ചുരത്തില്‍ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയതിന്റെ കാരണം വിനോദസഞ്ചാര സംഘം സഞ്ചരിച്ച വാഹനത്തിന്റെ ബ്രേക്കിനുണ്ടായ തകരാറെന്ന് തമിഴ്നാട് പോലിസിന്റെ പ്രാഥമിക നിഗമനം. ചുരത്തിലെ ഇരുപത്തിയേഴ് വളവുകള്‍ ഇറങ്ങിയ ശേഷം ബ്രേക്ക് സംവിധാനം ചൂടായി തകരാറിലായിരിക്കാം എന്നാണ് കരുതുന്നത്. ഗിയറില്‍ വണ്ടി നിര്‍ത്താനുള്ള ശ്രമവും പരാജയപ്പെട്ടു. ചുരത്തിലെ പതിമൂന്നാം വളവില്‍ വെച്ചായിരുന്നു വാഹനം താഴ്ചയിലേക്ക് വീണത്. പാറയിടുക്കില്‍ അഞ്ചു തവണ വണ്ടി മറിഞ്ഞു. ചിന്നഭിന്നമായ വാഹന അവശിഷ്ടങ്ങളാണ് റോഡില്‍ പതിച്ചത്.

ചുരത്തിലെ പതിമൂന്നാം വളവില്‍ നിന്നാണ് വാഹനം താഴേക്ക് പതിച്ചത്. പതിമൂന്നാം വളവില്‍ നിന്ന് പത്താം വളവിനും ഒന്‍പതാം വളവിനും മധ്യേയുള്ള ഭാഗത്തേക്കാണ് വാഹനം എത്തിയത്. പൂര്‍ണ്ണമായി കെട്ടിയൊരുക്കിയ സംരക്ഷണഭിത്തി ഇവിടെയുണ്ടായിരുന്നില്ല. ചെറിയൊരു കല്‍ഭിത്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫസ്റ്റ് ഗിയറിലും സെക്കന്റ് ഗിയറിലും മാറ്റിയിട്ട് വാഹനം ഇറങ്ങിയ സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ട് നേരെ കോണ്‍ഗ്രീറ്റ് തൂണില്‍ ഇടിക്കുകയും കൊക്കയിലേക്ക് പതിച്ചതുമാകാമെന്നാണ് നിഗമനം. 800 അടി താഴ്ചയിലേക്ക് മറിഞ്ഞ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. പാറയിടുക്കില്‍ അഞ്ച് തവണ വാഹനം മറിഞ്ഞെന്നും ചിന്നഭിന്നമായ വാഹന അനശിഷ്ടങ്ങളാണ് റോഡില്‍ പതിച്ചതെന്നുമാണ് വിവരം. ബ്രേക്കിനുണ്ടായ തകരാര്‍ തന്നെയാണ് ഇങ്ങനെയൊരു വലിയ അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍ പി സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും ജീവനക്കാരുമാണ് അപകടത്തില്‍പ്പെട്ടത്. പാങ്ങ് ജിഎല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക അജിത (54), അധ്യാപകാരായ റംല (52), സുഹറ(43), ആശ(41), മജീദ് (43), മജീദിന്റ ഭാര്യ റുഖിയ(39), സ്‌കൂളിലെ പാചകത്തൊഴിലാളി സാജിത(45), പാങ്ങ് ജിഎല്‍പി സ്‌കൂളില്‍ നിന്നും സമീപത്തെ പാങ്ങി ജിയുപി സ്‌കൂളിലേക്ക് അടുത്തിടെ മാറിയ അധ്യാപിക ഷക്കീന(47) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. സുഹറയുടെ മകന്‍ ഹിഷാം(12) പൊള്ളാച്ചി ആശുപത്രിയില്‍ എത്തിയ ശേഷം മരിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ നാലുപേര്‍ ചികില്‍സയില്‍ തുടരുകയാണ്.