വാല്‍പ്പാറ അപകടം; അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനം തുടരുന്നു

Update: 2026-04-18 04:35 GMT

മലപ്പുറം: വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനം തുടരുന്നു. രാവിലെ ഒന്‍പതുമണി കഴിഞ്ഞാണ് ഒന്‍പതു മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ മലപ്പുറം പാങ്ങ് സ്‌കൂളിലേക്കെത്തിയത്. പാങ്ങ് ജിഎല്‍പി, ജിയുപി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ആദ്യം മൃതദേഹങ്ങള്‍ കണ്ടത്.

വിനോദയാത്രക്കിടെയുണ്ടായ അപകടത്തില്‍ മരിച്ച മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക അജിത ടീച്ചര്‍, അധ്യാപകരായ ആശ ടീച്ചര്‍, റംല ടീച്ചര്‍, ഷക്കീന ടീച്ചര്‍, മജീദ് മാസ്റ്റര്‍ അദ്ദേഹത്തിന്റെ ഭാര്യ റുഖിയ, സഹായി സാജിത, സുഹ്റ ടീച്ചര്‍, പന്ത്രണ്ടുവയസുകാരന്‍ ഹിഷാം എന്നിവരുടെ മൃതദേഹങ്ങളാണ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നത്. ശേഷം അവരുടെ വീടുകളിലേക്ക് കൊണ്ടുപോകും. തുടര്‍ന്നായിരിക്കും സംസ്‌കാരം. ഒരു മണിക്കൂറാണ് ഇവിടെ പൊതുദര്‍ശനം ഉണ്ടായിരിക്കുക. എന്നാല്‍ ജന പ്രിതിനിധികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് ഇവിടെ ആളുകള്‍ എത്തിയത്.

പ്രധാന അധ്യാപിക പുലാമന്തോള്‍ സ്വദേശിനി അജിതയുടെ സംസ്‌കാരം ഷൊര്‍ണൂര്‍ ശാന്തി തീരത്ത് നടക്കും. ആശയുടെ സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും. മജീദ്, ഭാര്യ റുഖിയ എന്നിവരുടെ ഖബറടക്കം മാട്ടാത്ത് മഹല്ലിലും റംല, സാജിദ, ഷക്കീല എന്നിവരുടെ ഖബറടക്കം പാങ്ങ് ജുമാ മസ്ജിദിലും നടക്കും. സുഹറ, മകന്‍ ഹിഷാം എന്നിവരുടെ ഖബറടക്കം ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലുളള മുഹമ്മദ് ഫായിസും നൗഷാദ് അലിയും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 48 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഷഹദിന്‍ മുഹമ്മദിനെ വാര്‍ഡിലേക്ക് മാറ്റി. ഷഹദിന്‍ അപകടനില തരണംചെയ്തിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് മികച്ച ചികില്‍സ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ വിനയ് ഗോയല്‍ പറഞ്ഞു.

ഇന്നലെ വൈകുന്നേരം 5.20നാണ് വാല്‍പ്പാറയില്‍ അപകടം നടന്നത്. മിനിവാന്‍ വാല്‍പ്പാറ ചുരം റോഡില്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ചുരത്തിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വച്ച് വാഹനം നിയന്ത്രണം വിടുകയായിരുന്നു. വാഹനം പലവട്ടം കീഴ്മേല്‍ മറിഞ്ഞ് ഒന്‍പതാം വളവിലേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ വാഹനം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് സ്ത്രീകള്‍ക്കും ഒരു പുരുഷനും ഒരു കുട്ടിക്കും ജീവന്‍ നഷ്ടമാകുകയായിരുന്നു.