വാല്‍പ്പാറ അപകടം: മരിച്ച ഒന്‍പതുപേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, രാവിലെ 9 മുതല്‍ അമ്പലപ്പറമ്പ് ഗവ ഹൈസ്‌കൂളില്‍ പൊതുദര്‍ശനം

Update: 2026-04-18 02:34 GMT

പാലക്കാട്: വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പതു പേരുടെയും പോസ്റ്റ്മോര്‍ട്ടം പൊള്ളാച്ചി ആശുപത്രിയില്‍ പൂര്‍ത്തിയായി. രാവിലെ ആറേകാലോടെ പൊള്ളാച്ചിയില്‍ നിന്ന് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ മലപ്പുറത്തേക്ക് പുറപ്പെട്ടു. ഒന്‍പത് ആംബുലന്‍സുകളും ഒന്നിച്ചാണ് പൊള്ളാച്ചിയില്‍ നിന്ന് പുറപ്പെട്ടത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയുമാണ് മരിച്ചത്. രാവിലെ 9 മണി മുതല്‍ അമ്പലപറമ്പ് ഗവണ്മെന്റ് ഹൈസ്‌കൂളില്‍ സ്‌കൂളില്‍ പൊതുദര്‍ശനം നടക്കും. പൊതുദര്‍ശനത്തിനുശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. അര്‍ധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയില്‍ ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെയാണ് പൂര്‍ത്തിയായത്. പ്രത്യേക ഉത്തരവിറക്കി പോസ്റ്റ് മോര്‍ട്ടം രാത്രി തന്നെ പൂര്‍ത്തിയാക്കുകയായിരുന്നു.

ഇന്നലെ വൈകീട്ട് അഞ്ചേ കാലോടെയാണ് വിനോദയാത്രയ്ക്ക് പോയ 13 അംഗ സംഘം അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ട്രാവലര്‍ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് പതിമൂന്നാം വളവില്‍ നിന്ന് ഒന്‍പതാം വളവിലേക്ക് വീഴുകയായിരുന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ ചികില്‍സയില്‍ കഴിയുകയാണ്. പൊള്ളാച്ചിയില്‍നിന്ന് 30 കിലോമീറ്റര്‍അകലെയാണ് അപകടമുണ്ടായ സ്ഥലം. പരിക്കേറ്റ മസ്നീനെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടേഴ്സ് അറിയിക്കുന്നത്. പെരിന്തല്‍മണ്ണയില്‍നിന്ന് വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവര്‍ ഉള്‍പ്പെടെ13 പേര്‍ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ഒന്‍പത് പേരാണ് അപകടത്തില്‍ മരിച്ചത്.

പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക പി അജിത (54), അധ്യാപികമാരായ റംലത്ത്(52), സുഹറ(43), ആശ(41), അധ്യാപകനായ അബ്ദുല്‍ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ(39), സ്‌കൂളിലെ പാചക തൊഴിലാളി സാജിത(45), സുഹറയുടെ മകന്‍ ഹിഷാം(12), സമീപ സ്‌കൂളായ പാങ്ങ് ജിയുപിയിലെ അധ്യാപിക ഷക്കീന (37)(ഷക്കീന അടുത്തിടെയാണ് പാങ്ങ് എല്‍പി സ്‌കൂളില്‍ നിന്ന് ജിയുപി സ്‌കൂളിലേക്ക് മാറിയത്)എന്നിവരാണ് മരിച്ചത്. കാഴ്ച പരിമിതിയുള്ള അബ്ദുല്‍ മജീദിന് കൂട്ടുപോയതായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ റുഖിയ.

പൊതുദര്‍ശനത്തിനുശേഷം വ്യത്യസ്ത മഹല്ലുകളിലെ ഖബര്‍ സ്ഥാനിലാണ് ഖബറടക്കം നടക്കുക. മാട്ടാത്ത് മഹല്ലില്‍ മജീദ്, ഭാര്യ റുഖിയ എന്നിവരെ ഖബറടക്കും. പാങ്ങ് ജുമാ മസ്ജിദ് ഖബ്ര്‍ സ്ഥാനില്‍ റംല, സാജിദ, ഷക്കീല എന്നിവരെ ഖബറടക്കും. ഈസ്റ്റ് പാങ് മസ്ജിദ് ഖബ്ര്‍ സ്ഥാനില്‍ സുഹറ, മകന്‍ ഹിഷാം എന്നിവരെ ഖബറടക്കും. പൊതുദര്‍ശനത്തിനുശേഷം അജിതയുടെ മൃതദേഹം പുലാമന്തോളിലെ വീട്ടിലേക്കും, ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടിലേക്കും കൊണ്ടു പോകും.

അപകടത്തില്‍പ്പെട്ട വാനിന്റെ ഡ്രൈവര്‍ മുഹമ്മദ് ഹാഫിസ് അടക്കം മൂന്നു പേര്‍ ഗുരുതര പരിക്കോടെ കോയമ്പത്തൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. മരിച്ച സാജിതയുടെ മകന്‍ ഷഹദീന്‍(11), വാഹനത്തിന്റെ ഡ്രൈവര്‍ മുഹമ്മദ് ഹാഫിസ് (22), സ്‌കൂളിലെ ഡ്രൈവര്‍ നൗഷാദ് (39) എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലുള്ളത്. ഇവരെ കൂടാതെ അപകടത്തില്‍ നിസാര പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ട 11 വയസുകാരി മസ്നീന്‍ എന്ന കുട്ടിയെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. മന്ത്രി കൃഷ്ണന്‍കുട്ടി പൊള്ളാച്ചിയിലെത്തി പരിക്കേറ്റ കുട്ടിയെ സന്ദര്‍ശിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കോയമ്പത്തൂര്‍ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അഴഗരശുവിന് തമിഴ്‌നാട് ഗതാഗത മന്ത്രി എസ് എസ് ശിവശങ്കര്‍ നിര്‍ദ്ദേശം നല്‍കി.