ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; റിട്ടേണിങ് ഓഫീസറെ നിയമിച്ചു

Update: 2025-07-25 06:43 GMT

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിട്ടേണിങ് ഓഫീസറെ (ആര്‍ഒ) നിയമിച്ചു. രാജ്യസഭാ സെക്രട്ടറി ജനറല്‍ പിസി മോഡിയെ ആണ് റിട്ടേണിങ് ഓഫീസറായി നിയമിച്ചത്. രണ്ട് സെക്രട്ടേറിയറ്റ് ഓഫീസര്‍മാരെ അസിസ്റ്റന്റ് ആര്‍ഒമാരായും നിയമിച്ചിട്ടുണ്ട്. .ജോയിന്റ് സെക്രട്ടറി ഗരിമ ജെയിന്‍, ഡയറക്ടര്‍ വിജയ് കുമാര്‍ എന്നിവരാണ് അസിസ്റ്റന്റ് ആര്‍ഒമാര്‍

കണ്‍വെന്‍ഷന്‍ അനുസരിച്ച്, ലോക്സഭാ സെക്രട്ടറി ജനറലിനെയോ രാജ്യസഭാ സെക്രട്ടറി ജനറലിനെയോ റൊട്ടേഷന്‍ രീതിയിലാണ് റിട്ടേണിംഗ് ഓഫീസറായി നിയമിക്കുന്നത്. കഴിഞ്ഞ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍, ലോക്സഭാ സെക്രട്ടറി ജനറലിനെ റിട്ടേണിംഗ് ഓഫീസറായി നിയമിച്ചിരുന്നു.

1952 ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നിയമത്തിലെ സെക്ഷന്‍ 3 പ്രകാരമാണ് ഉദ്യോഗസ്ഥരെ നിയമിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നിയമപ്രകാരം, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് 14 ദിവസം, സൂക്ഷ്മപരിശോധനയ്ക്ക് ഒരു ദിവസം, സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിന് രണ്ട് ദിവസം എന്നിവ ഉള്‍പ്പെടെ ഷെഡ്യൂള്‍ അറിയിച്ചതിന് ശേഷം വോട്ടെടുപ്പ് നടത്താന്‍ 30 മുതല്‍ 32 ദിവസത്തെ സമയപരിധി നിശ്ചയിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്.

Tags: