വി കുഞ്ഞികൃഷ്ണന്‍ രചിച്ച പുസ്തകത്തില്‍ എംഎല്‍എ ടി ഐ മധുസൂദനനെതിരേ അതിരൂക്ഷ വിമര്‍ശനം
കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനനെതിരേ വി കുഞ്ഞികൃഷ്ണന്‍ രചിച്ച പുസ്തകത്തില്‍ അതിരൂക്ഷ വിമര്‍ശനം. 'പാര്‍ട്ടി ഏരിയ കമ്മിറ്റി' എന്ന അധ്യായത്തിലാണ് മധുസൂദനനെതിരേ പരാമര്‍ശം. പയ്യന്നൂരിലെ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത് 2007ല്‍ മധുസൂദനന്‍ ഏരിയാ സെക്രട്ടറി ആയതുമുതലാണെന്നും തനിക്ക് മേലെ ആരും വളരരുത് എന്നായിരുന്നു മധുസൂദനന്റെ ചിന്ത എന്നതടക്കമുള്ള കാര്യങ്ങളാണ് പുസ്തകത്തിലുള്ളത്.
ടി ഐ മധുസൂദനന്‍ സെക്രട്ടറിയായി വരുന്നതിന് മുമ്പ്. ആദ്യകാലത്ത്, പ്രത്യേകിച്ച് സഖാവ് ടി ഗോവിന്ദേട്ടന്റെ മരണം വരെ ഒരുതരത്തിലുള്ള പ്രശ്നങ്ങളും പയ്യന്നൂരിലെ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നില്ല. പയ്യന്നൂരിലെ നേതൃത്വം താനാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമം മധുസൂദനന്‍ നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി ചെറുചെറു ഗ്രൂപ്പുകള്‍ പലയിടത്തും ഉണ്ടാക്കി. സഹകരണ സ്ഥാപനങ്ങളിലും മറ്റും തൊഴിലുകള്‍ നല്‍കുമ്പോള്‍ ഇത് താന്‍ നല്‍കിയതാണ് എന്നും അതല്ലാതെ പാര്‍ട്ടി അല്ല എന്ന ബോധം വളര്‍ത്താന്‍ ആശ്രിതരെ ഉപയോഗിച്ച് ശ്രമങ്ങള്‍ നടന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.
ഒരു ബൂര്‍ഷ്വാരാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചിരുന്നതെന്നും നേതൃത്വം എല്ലാകാലത്തും അയാളെ സംരക്ഷിക്കുകയായിരുന്നും പുസ്തകത്തിലൂടെ വിമര്‍ശിക്കുന്നുണ്ട്. ഇന്നത്തെ വിഭാഗീയതയുടെ യഥാര്‍ഥ തുടക്കം ഇവിടെ നിന്നായിരുന്നെന്നും പുസ്തകത്തില്‍ പറയുന്നു.