പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും

സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ രാവിലെ 10 മണിക്ക്

Update: 2026-03-15 17:02 GMT

കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ രാവിലെ 10 മണിക്ക് നടക്കും. സിപിഎം സ്ഥാനാര്‍ഥിയായി പയ്യന്നൂരില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വി കുഞ്ഞികൃഷ്ണന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നത്. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട് വകമാറ്റല്‍, 2021ലെ തിരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമറി തുടങ്ങിയവയാണ് വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിക്കെതിരേ ആരോപിച്ചത്.

ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടിലുമടക്കം വന്‍ തിരിമറി നടന്നുവെന്നായിരുന്നു മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന വി കുഞ്ഞികൃഷ്ണന്റെ ആരോപണം. ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരു കോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തെന്നും പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു. വിഷയം വിവാദമായതോടെ കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു.

Tags: