സ്വര്‍ണാഭരണങ്ങളില്‍ നിയന്ത്രണവുമായി ഉത്തരാഖണ്ഡ്
വിവാഹത്തില്‍ മൂന്ന് ആഭരണങ്ങള്‍ മാത്രം
ഡെറാഡൂണ്‍: വിവാഹവേളകളില്‍ സ്ത്രീകള്‍ ധരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഉത്തരാഖണ്ഡിലെ പഞ്ചായത്തുകള്‍. കാണ്ഡാര്‍, ഇന്ദ്രാണി ഗ്രാമങ്ങളിലെ സംയുക്ത പഞ്ചായത്താണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇനി മുതല്‍ സ്ത്രീകളോട് മൂന്ന് ആഭരണങ്ങള്‍ മാത്രം ധരിച്ചാല്‍ മതിയെന്നാണ് പഞ്ചായത്ത് നിര്‍ദേശിച്ചിരിക്കുന്നത്. മൂക്കുത്തി, കമ്മല്‍, താലി എന്നീ മൂന്ന് ആഭരണങ്ങള്‍ മാത്രം ധരിക്കാനാണ് അനുവാദം.
നിയമം ലംഘിക്കുന്നവര്‍ക്ക് 50,000 രൂപ പിഴ ചുമത്തുമെന്നും പഞ്ചായത്ത് മുന്നറിയിപ്പ് നല്‍കി. സാമൂഹിക അസമത്വം കുറയ്ക്കാനും കുടുംബ കലഹങ്ങള്‍ ഒഴിവാക്കാനുമാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്. സ്വര്‍ണത്തിന്റെ ഉയര്‍ന്ന വില കാരണം പല കുടുംബങ്ങള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്ന സാഹചര്യമാണ് പഞ്ചായത്തിനെ ഈ നീക്കത്തിലേക്ക് നയിച്ചത്.
പഞ്ചായത്തിന്റെ ഈ തീരുമാനത്തെ നിരവധി സ്ത്രീകള്‍ സ്വാഗതം ചെയ്തപ്പോള്‍, ചിലര്‍ പുതിയ ആവശ്യം മുന്നോട്ടുവച്ചു. സ്വര്‍ണത്തിന് നിയന്ത്രണമെങ്കില്‍ മദ്യം ഉപയോഗിക്കുന്നതിലും വേണം, വിവാഹവേളകളില്‍ പുരുഷന്മാര്‍ മദ്യം ഉപയോഗിക്കുന്നതും ആഡംബര പരിപാടികളും നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്വര്‍ണം ഒരു നിക്ഷേപമാണ്, എന്നാല്‍ മദ്യം പാഴ്ചെലവാണെന്നായിരുന്നു സ്ത്രീകളുടെ വാദം. ഈ ആവശ്യം ന്യായമാണെന്ന് പുരുഷന്മാരും അംഗീകരിച്ചു. സ്ത്രീകളുടെ അഭിപ്രായം പരിഗണിച്ച് മദ്യനിയന്ത്രണം ഉള്‍പ്പെടെയുള്ള ആഡംബര ചെലവുകള്‍ ഘട്ടംഘട്ടമായി കുറയ്ക്കാനുള്ള നടപടികള്‍ പരിഗണിക്കാമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
