പതിറ്റാണ്ടുകള്‍ പഴക്കമുള്ള മുസ് ലിം പള്ളി സീല്‍ ചെയ്ത് ഉത്തരാഖണ്ഡ് സര്‍ക്കാര്‍
ഋഷികേശ്: ഉത്തരാഖണ്ഡില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി വനം വകുപ്പും പോലിസും ചേര്‍ന്ന് പൂട്ടിച്ചു. രാജാജി കടുവ സംരക്ഷണ കേന്ദ്രത്തിലെ രാംഗഡ് റേഞ്ചില്‍ സ്ഥിതി ചെയ്യുന്ന പള്ളിയാണ് വനം വകുപ്പും പോലിസും ചേര്‍ന്ന് സീല്‍ ചെയ്തത്. പള്ളിക്ക് പുറത്ത് ഒരു മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. നിയമം ലംഘിക്കുന്നവര്‍ വനനിയമങ്ങള്‍ പ്രകാരം നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.
ആശാ റോഡി ബീറ്റിലെ 0.0008 ഹെക്ടര്‍ വനഭൂമിയില്‍ നിര്‍മ്മിച്ച പള്ളി സെപ്റ്റംബര്‍ 3 ന് പുറപ്പെടുവിച്ച സുപ്രിം കോടതി നിര്‍േദശപ്രകാരമാണ് സീല്‍ ചെയ്തതെന്ന് രാംഗഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അജയ് ധ്യാനി പറഞ്ഞു.
സുപ്രിംകോടതി ഉത്തരവ് പ്രകാരം വന്യജീവി സങ്കേതത്തിനുള്ളില്‍ മനുഷ്യ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുണ്ടെന്നാണ് വാദം. പള്ളിയുടെ സാന്നിധ്യത്തിനെതിരെ വനംവകുപ്പ് എതിര്‍പ്പ് ഉന്നയിച്ചതിനെത്തുടര്‍ന്ന് ചില വ്യക്തികള്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, വന്യജീവി സങ്കേതത്തിനുള്ളിലെ സംരക്ഷിത ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും അവിടെ എല്ലാ മനുഷ്യ പ്രവര്‍ത്തനങ്ങളും നിയമപരമായി നിരോധിച്ചിട്ടുണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.