ഉത്തരാഖണ്ഡ് ദുരന്തം: രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥിതി സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി

Update: 2025-08-07 06:38 GMT

ഡെറാഡൂണ്‍: ഉത്തരകാശി ജില്ലയിലെ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ നിന്നും ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ് (ഐടിബിപി) ഇന്ന് രാവിലെ മുതല്‍ 44 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.

രക്ഷപ്പെടുത്തിയവരെ ഹെലികോപ്റ്റര്‍ വഴി മാറ്റ്ലിയിലേക്ക് മാറ്റി. നിലവില്‍ ധരാലി, ഹര്‍സില്‍ എന്നിവിടങ്ങളിലെ ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംങ് ധാമിയും ഉത്തരകാശിയിലെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുകയാണെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ സ്ഥിതി സാധാരണ നിലയിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകാശിയില്‍ നിന്ന് ഹര്‍സിലിലേക്കുള്ള റോഡ് വ്യാപകമായി തകര്‍ന്നിട്ടുണ്ട്, പുനര്‍നിര്‍മിക്കാന്‍ കുറച്ച് സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സൈന്യം, ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), ഉത്തരാഖണ്ഡ് പോലിസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.