ഉത്തര്‍പ്രദേശില്‍ ഹിന്ദു കുടുംബം വിറ്റ വീട് മുസ്‌ലിം വ്യക്തി വാങ്ങി; പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ മീറഠില്‍ ഹിന്ദു കുടുംബം വിറ്റ വീട് മുസ്‌ലിം വ്യക്തി വാങ്ങിയതിനെ തുടര്‍ന്ന് പ്രതിഷേധം. സ്വത്ത് രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ഹിന്ദുത്വ സംഘടനകള്‍ പോലിസ് സ്‌റ്റേഷന്റെ മുന്‍പിലും ഥാപര്‍ നഗറിലെ വില്ലക്ക് പുറത്തും ഹനുമാന്‍ ചാലിസ പാടി പ്രതിഷേധം നടത്തി.
ഹിന്ദുക്കളും സിഖുക്കളും കൂടുതലായി താമസിക്കുന്ന ആഡംബര കോളനിയില്‍ വീണ കല്‍റയും മകന്‍ അനുഭവ് കല്‍റയും നവംബര്‍ 26നു 1.46 കോടിക്ക് സയീദ് അഹമ്മദ് എന്ന മുസ്‌ലിം വ്യാപാരിക്ക് വീട് വില്‍ക്കുകയായിരുന്നു. പുതിയ വീട്ടിലേക്ക് താമസം മാറിയതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തി. തര്‍ക്കവും പ്രതിഷേധവും രൂക്ഷമായതോടെ സയീദിന് ഹൃദയാഘാതം സംഭവിച്ച് മീറഠിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
അതേസമയം, വീട്ടുടമയായ അനുഭവ് കല്‍റ മാസങ്ങളായി വില്ല വില്‍പ്പനയ്ക്കായി ശ്രമിച്ചുവരികയായിരുന്നു. തൃപ്തികരമായ വില ലഭിച്ചതിനാലാണ് സയീദിന് വീട് വിറ്റതെന്നും അനുഭവ് കല്‍റ പോലിസിനോട് വ്യക്തമാക്കി. വീട് വില്‍ക്കുന്നതിനായി പ്രദേശത്തെ എംഎല്‍എ അമിത് അഗര്‍വാളിന്റെ സഹായം പ്രതീക്ഷിച്ചിരുന്നെങ്കിലും അത് സാധിക്കാത്തതോടെയാണ് സയീദിന് വില്‍പ്പന നടത്തിയതെന്നും കല്‍റ കുടുംബം പറഞ്ഞു. വീടിന്റെ താക്കോല്‍ എംഎല്‍എയുടെ കൈവശത്തായിരുന്നു.