33 കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി, ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ് വഴി വിറ്റു; ഉത്തര്‍പ്രദേശില്‍ ദമ്പതികള്‍ക്ക് വധശിക്ഷ

Update: 2026-02-21 04:50 GMT

ലക്നൗ: ഉത്തര്‍പ്രദേശില്‍ 33 കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ് വഴി 47 രാജ്യങ്ങളില്‍ വില്‍പ്പന നടത്തിയ കേസില്‍ ദമ്പതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. ഉത്തര്‍പ്രദേശ് ബന്ദയിലെ ജലസേചനവകുപ്പ് മുന്‍ ജൂനിയര്‍ എന്‍ജിനിയര്‍ രാംഭവന്‍(50), ഭാര്യ ദുര്‍ഗാവതി(47) എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്‌സോ കോടതി വധശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നാണ് കോടതി കേസിനെ വിശേഷിപ്പിച്ചത്.

അതിക്രമത്തിനിയായ ഓരോ കുട്ടിക്കും 10 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടു. ഇതിന് പുറമെ, പ്രതികളുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത തുക ഇരകള്‍ക്ക് തുല്യമായി വീതിച്ചുനല്‍കാനും കോടതി നിര്‍ദേശിച്ചു. പോക്‌സോ ആക്റ്റിലെ നിരവധി വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരേ ചുമത്തപ്പെട്ടത്. 33 കുട്ടികളെയാണ് ഇരുവരും ചേര്‍ന്ന് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. മൂന്ന് വയസ് മാത്രമുള്ള കുട്ടിയെവരെ ഇരുവരും ഉപദ്രവിച്ചിരുന്നു. കേസിന്റെ ഗൗരവം പരിഗണിച്ചാണ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.

2010-2020 കാലത്താണ് മൂന്നുവയസുമുതല്‍ പത്തുവയസുവരെയുള്ള കുട്ടികളെ പ്രതികള്‍ പീഡനത്തിനിരയാക്കിയത്. വീഡിയോ ഗെയിമുകള്‍, പണം, സമ്മാനങ്ങള്‍ എന്നിവ നല്‍കി വശീകരിച്ചായിരുന്നു ഇവര്‍ കുട്ടികളെ പീഡനത്തിരയാക്കിയത്. 2020ലാണ് സിബിഐ കേസ് ഏറ്റെടുത്തത്. ഞെട്ടിക്കുന്ന സംഭവങ്ങളാണ് അന്വേഷണത്തിനിടെ സിബിഐ കണ്ടെത്തിയത്. ക്രൂരമായാണ് കുട്ടികളെ ഇവര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ചില കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ വരെ മുറിവുകള്‍ ഉണ്ടായിരുന്നു. ചില കുട്ടികള്‍ക്ക് നീണ്ട കാലം ആശുപത്രിയില്‍ കഴിയേണ്ടിവന്നിരുന്നു.

ചില കുട്ടികളുടെ കണ്ണിനും പരിക്കുകളുണ്ടായിരുന്നു. ഭൂരിഭാഗം കുട്ടികളും മാനസികമായി ആകെ തകര്‍ന്ന നിലയിലാണ്. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചും കൗണ്‍സിലിങ് നല്‍കിയും കുട്ടികളുടെ ആരോഗ്യ പരിശോധനകള്‍ അടക്കം നടത്തിയുമാണ് സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയത്. 2021ലാണ് കേസില്‍ സിബിഐ കുറ്റപത്രം നല്‍കിയത്.