ഉത്തര്‍പ്രദേശ് സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിന്റെ പരീക്ഷ; മുസ് ലിം വിദ്യാര്‍ഥിനികളെ പരീക്ഷാ ഹാളില്‍ കയറ്റിയത് ഹിജാബ് അഴിച്ചുമാറ്റി
ലഖ്‌നോ: ഉത്തര്‍പ്രദേശ് സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഹൈസ്‌കൂള്‍, ഇന്റര്‍മീഡിയറ്റ് പരീക്ഷകള്‍ക്ക് മുസ് ലിം വിദ്യാര്‍ഥിനികളെ പരീക്ഷാ ഹാളിലേക്ക് കയറ്റിയത് ഹിജാബ് ഊരിയതിനു ശേഷം. പരീക്ഷകള്‍ പൂര്‍ണ്ണമായും നീതിയുക്തവും സുതാര്യവുമായ രീതിയില്‍ നടത്താന്‍ വേണ്ടി ബോര്‍ഡ് കര്‍ശനമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് ഹിജാബ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടതെന്നുമാണ് വാദം.
ഈ വര്‍ഷം, സംസ്ഥാനത്തുടനീളമുള്ള 8,033 പരീക്ഷാ കേന്ദ്രങ്ങളിലാണ് 10, 12 ക്ലാസ് പരീക്ഷകള്‍ നടക്കുന്നത്, ആകെ 5,337,778 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 2,761,696 ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും 2,576,082 ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു.
വാരണാസി ജില്ലയില്‍, ആകെ 118 പരീക്ഷാ കേന്ദ്രങ്ങളിലായി 92,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നുണ്ടായിരുന്നു. ആദ്യ ദിവസം ഹൈസ്‌കൂള്‍ ഹിന്ദി പരീക്ഷ നടന്നു. വാരണാസിയിലെ പിഎം ശ്രീ ഗവണ്‍മെന്റ് ഗേള്‍സ് ഇന്റര്‍ കോളജ് ഉള്‍പ്പെടെ പല കേന്ദ്രങ്ങളിലും വിദ്യാര്‍ഥികളെ നെറ്റിയില്‍ തിലകം ചാര്‍ത്തിയാണ് സ്വാഗതം ചെയ്തത്.എന്നാല്‍ ബുര്‍ഖ ധരിച്ച പെണ്‍കുട്ടികളെ പല പരീക്ഷാ കേന്ദ്രങ്ങളിലും പ്രവേശിപ്പിച്ചില്ല എന്നും റിപോര്‍ട്ടുകളുണ്ട്.