അമേരിക്കയുടെ ഭാഗമാകില്ല; സ്വതന്ത്ര പാതയാണ് ലക്ഷ്യം - മുന്നറിയിപ്പുമായി ഗ്രീന്‍ലാന്‍ഡ്
ന്യൂഡല്‍ഹി: അമേരിക്കയുടെ ഭാഗമാകാന്‍ ഗ്രീന്‍ലാന്‍ഡിന് താല്‍പ്പര്യമില്ലെന്നും ആര്‍ട്ടിക് ദ്വീപിലെ ജനങ്ങള്‍ സ്വന്തം രാഷ്ട്രീയഭൗമപാത കണ്ടെത്താനാണ് ആഗ്രഹിക്കുന്നതെന്നും ഗ്രീന്‍ലാന്‍ഡിന്റെ വ്യവസായനീതി വകുപ്പ് മന്ത്രി നാജ നതാനിയല്‍സണ്‍ വ്യക്തമാക്കി. ഗ്രീന്‍ലാന്‍ഡില്‍ അമേരിക്കന്‍ അധിനിവേശം ഉണ്ടാകുന്ന പക്ഷം അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും നിലവിലുള്ള ആഗോള രാഷ്ട്രീയക്രമം തന്നെ മാറ്റിമറിക്കുകയും ചെയ്യുമെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ മുന്നറിയിപ്പ് നല്‍കി.
ആര്‍ട്ടിക് മേഖലയിലെ സുരക്ഷാ നിരീക്ഷണങ്ങളുടെ ആവശ്യകത അംഗീകരിച്ചും അമേരിക്കന്‍ നിക്ഷേപങ്ങളെ സ്വാഗതം ചെയ്തും ഗ്രീന്‍ലാന്‍ഡ് ദീര്‍ഘകാലമായി അമേരിക്കയുടെ സഖ്യകക്ഷിയായി പ്രവര്‍ത്തിച്ചുവരികയാണെന്ന് നതാനിയല്‍സണ്‍ പറഞ്ഞു. എന്നാല്‍ അടുത്തകാലത്തെ സംഭവവികാസങ്ങള്‍ ഗ്രീന്‍ലാന്‍ഡ് നിവാസികളില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് ഗ്രീന്‍ലാന്‍ഡ് ജനതയ്ക്ക് വ്യക്തമായി മനസ്സിലാകുന്നില്ല. വര്‍ഷങ്ങളായി വിശ്വസിച്ചിരുന്ന ഒരു പ്രധാന പങ്കാളി ഞങ്ങളെ വഞ്ചിച്ചതുപോലെയാണ് തോന്നുന്നത്,' എന്നും മന്ത്രി പറഞ്ഞു.
ഡെന്മാര്‍ക്കിന്റെ പരമാധികാരത്തിന് കീഴിലുള്ള സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡിനെ ഏറ്റെടുക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താല്‍പ്പര്യത്തെ തുടര്‍ന്നാണ് ഗ്രീന്‍ലാന്‍ഡ്, ഡെന്മാര്‍ക്ക്, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്ര ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം നിര്‍ണായകമാണെന്നാണ് ട്രംപിന്റെ വാദം. ഭാവിയിലെ സാങ്കേതികവിദ്യകള്‍ക്കും പ്രതിരോധ ആവശ്യങ്ങള്‍ക്കും അനിവാര്യമായ ധാതുക്കളുടെ വന്‍ ശേഖരം ഗ്രീന്‍ലാന്‍ഡിലുണ്ടെന്നും, ഇവയില്‍ റഷ്യയും ചൈനയും സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അമേരിക്ക അധിനിവേശ സാധ്യതകള്‍ തുറന്നുവച്ചിരിക്കുന്നത്.
