സ്വര്‍ണവിലയിലെ 'അനിയന്ത്രിത' കുതിപ്പ്; ചൈനീസ് ഊഹക്കച്ചവടം കാരണമെന്നാരോപിച്ച് യുഎസ് ട്രഷറി സെക്രട്ടറി
വാഷിങ്ടണ്‍: ആഗോള വിപണിയില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് മുന്നറിയിപ്പ് നല്‍കി. സ്വര്‍ണവിലയിലെ 'അനിയന്ത്രിത' ഉയര്‍ച്ചയ്ക്ക് പിന്നില്‍ ചൈനയിലെ ഊഹക്കച്ചവടമാണെന്ന് അദ്ദേഹം ആരോപിച്ചു. ജനുവരി 29ന് ഒരു ഔണ്‍സ് സ്വര്‍ണത്തിന് 5,594 ഡോളര്‍ രേഖപ്പെടുത്തിയതിന് പിന്നാലെ ഒരു ദിവസത്തിനകം വിലയില്‍ പത്തു ശതമാനം ഇടിവുണ്ടായതും വിപണിയിലെ ചാഞ്ചാട്ടം വര്‍ധിപ്പിച്ചു. രാഷ്ട്രീയസാമ്പത്തിക അനിശ്ചിതത്വ കാലങ്ങളില്‍ സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെട്ടിരുന്ന സ്വര്‍ണത്തിന്റെ വിശ്വാസ്യത ചൈനയിലെ വ്യാപകമായ സ്‌പെകുലേറ്റീവ് ഇടപാടുകള്‍ ബാധിക്കാമെന്ന ആശങ്കയാണ് ഉയരുന്നത്.
ഫോക്‌സ് ന്യൂസ് സംപ്രേഷണം ചെയ്യുന്ന 'സണ്‍ഡെ മോര്‍ണിങ് ഫ്യൂച്ചേഴ്‌സ്' പരിപാടിയില്‍ സംസാരിക്കവെയാണ് ബെസന്റ് ചൈനയ്‌ക്കെതിരേ ആരോപണം ഉന്നയിച്ചത്. ചൈനയിലെ ഊഹക്കച്ചവടക്കാര്‍ സ്വര്‍ണം വന്‍തോതില്‍ വാങ്ങിക്കൂട്ടിയതോടെയാണ് വിലയില്‍ കൃത്രിമ കുതിപ്പുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവരില്‍ നിന്ന് കൂടുതല്‍ ഡെപോസിറ്റ് ഈടാക്കി ഊഹക്കച്ചവടം നിയന്ത്രിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ആഗോള സാമ്പത്തിക വിദഗ്ധരും ചൈനയുടെ വിപണി പ്രവണതകള്‍ സ്വര്‍ണ വിലയെ സ്വാധീനിച്ചിട്ടുണ്ടെന്ന് വിലയിരുത്തുന്നു. മെറ്റല്‍സ് സ്ട്രാറ്റജിസ്റ്റായ നിക്കി ഷീല്‍സ്, ഇക്കുറി സ്വര്‍ണ വിലക്കയറ്റത്തിന് മുഖ്യ പ്രേരകശക്തി ചൈനയാണെന്ന് അഭിപ്രായപ്പെട്ടു. എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്), ഗോള്‍ഡ് ബാറുകള്‍, ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് എന്നിവ വഴിയുള്ള ചെറുകിടവന്‍കിട നിക്ഷേപങ്ങള്‍ വില റാലിക്ക് കാരണമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാപിറ്റല്‍ ഇക്കണോമിക്‌സ് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ചൈനയിലെ ഗോള്‍ഡ് ഇടിഎഫുകളിലേക്കുള്ള നിക്ഷേപം ഇരട്ടിയിലധികമായി വര്‍ധിച്ചു. ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിലും ഗണ്യമായ ഉയര്‍ച്ച രേഖപ്പെടുത്തി. ഷാങ്ഹായ് ഫ്യൂച്ചേഴസ് എക്‌സ്‌ചെഞ്ചിലെ ഈ വര്‍ഷം ശരാശരി പ്രതിദിന വ്യാപാരം 540 ടണ്ണിനടുത്തെത്തിയതായി വേളഡ് ഗോള്‍ഡ് കൗണ്‍സില്‍ ഏഷ്യ പസഫിക് ഗവേഷണ വിഭാഗം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 457 ടണ്ണായിരുന്നു. വിലയിലെ അതിവേഗ ഉയര്‍ച്ചയെ തുടര്‍ന്ന് ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവരില്‍ നിന്ന് ഡെപോസിറ്റ് തുക ചൈനയിലെ നിയന്ത്രണ ഏജന്‍സികള്‍ പലവട്ടം വര്‍ധിപ്പിച്ചിട്ടുണ്ട്. വ്യാപാരികള്‍ വായ്പയെടുത്ത് സ്വര്‍ണം വാങ്ങുന്ന പ്രവണത വര്‍ധിച്ചിരിക്കുന്നതും വിലയില്‍ കൃത്രിമ ചാഞ്ചാട്ടത്തിന് ഇടയാക്കുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിലെ സാധാരണ വാങ്ങലുകളെ അപേക്ഷിച്ച് ഫ്യൂച്ചേഴ്‌സ് ഇടപാടുകളും വായ്പയെടുത്തുള്ള നിക്ഷേപവും വിപണിയില്‍ കുമിള സൃഷ്ടിക്കാനുള്ള സാധ്യത ഉയര്‍ത്തുന്നുവെന്ന മുന്നറിയിപ്പും സാമ്പത്തിക വിദഗ്ധര്‍ നല്‍കി.

