ഗെയിമര്‍മാര്‍ക്ക് സുവര്‍ണാവസരം; എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരായി നിയമിക്കാനൊരുങ്ങി യുഎസ്
വാഷിങ്ടണ്‍: വീഡിയോ ഗെയിമിങ് കഴിവുകള്‍ തൊഴില്‍ അവസരങ്ങളാക്കി മാറ്റാനുള്ള നീക്കവുമായി അമേരിക്ക. വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിര്‍ണായക ചുമതലയായ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മേഖലയില്‍ ഗെയിമര്‍മാരെ ഉള്‍പ്പെടുത്താന്‍ ഫെഡറന്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) തയ്യാറെടുക്കുകയാണ്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ വേഗത്തില്‍ പ്രതികരിക്കുന്ന കഴിവ്, ഒരേസമയം പല കാര്യങ്ങളും കൈകാര്യം ചെയ്യാനുള്ള നൈപുണ്യം തുടങ്ങിയ ഗുണങ്ങള്‍ പരിഗണിച്ചാണ് ഈ തീരുമാനം.
എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ ആരംഭിച്ചിരിക്കുന്നതായി ബിബിസി റിപോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി എഫ്എഎ പുതിയ പരസ്യ കാംപയിന്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത ആഴ്ച തുറക്കുന്ന നിയമന വിന്‍ഡോയില്‍ ഗെയിമര്‍മാരോട് അപേക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. 'ജോലിക്കാവശ്യമായ കഴിവുകള്‍ നിങ്ങള്‍ക്ക് ഇതിനകം തന്നെ പരിശീലനം വഴി ലഭിച്ചിരിക്കുന്നു' എന്ന സന്ദേശവുമാണ് കാംപയിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മൂന്നു വര്‍ഷത്തെ സേവനത്തിന് ശേഷം ഏകദേശം 155,000 ഡോളര്‍ (ഏകദേശം 1.44 കോടി രൂപ) ശമ്പളമാണ് വാഗ്ദാനം. നിലവിലെ നിയമന ചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് യുഎസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി സീന്‍ പി ഡഫി വ്യക്തമാക്കി. ഗെയിമര്‍മാരെ ഉള്‍പ്പെടുത്താനുള്ള ആശയം മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് തന്നെ രൂപം കൊണ്ടതാണെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. വിമാനങ്ങളുടെ ഗതാഗതം നിയന്ത്രിക്കുകയും പൈലറ്റുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് പ്രധാന ചുമതല. നിലവില്‍ ഏകദേശം 3,000 കണ്‍ട്രോളര്‍മാരുടെ കുറവാണ് യുഎസ് നേരിടുന്നത്. 2028ഓടെ കൂടുതല്‍ ജീവനക്കാര്‍ വിരമിക്കുന്നതോടെ ഈ കുറവ് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
