ഖത്തര്‍ സമ്മാനമായി നല്‍കുന്ന വിമാനം ട്രംപ് സ്വീകരിക്കുന്നതിനെതിരെ യുഎസ് സെനറ്റര്‍
വാഷിങ്ടണ്‍: ഖത്തര്‍ ഭരണകൂടം സമ്മാനമായി നല്‍കുന്ന ബോയിങ് 747 വിമാനം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വീകരിക്കുന്നത് തടയണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍ ക്രിസ് മര്‍ഫി. യുഎസ് പ്രസിഡന്റ് ഇത്തരം സമ്മാനങ്ങള്‍ സ്വീകരിക്കുന്നത് തടയുന്ന പുതിയ നിയമഭേദഗതി അദ്ദേഹം സെനറ്റില്‍ അവതരിപ്പിച്ചു. 3,492 കോടി രൂപയുടെ സമ്മാനം സ്വീകരിക്കാമെന്ന വാഗ്ദാനത്തിലൂടെ യുഎസിന്റെ വിദേശനയത്തെ ട്രംപ് മോശമാക്കിയതായി ക്രിസ് മര്‍ഫി പറഞ്ഞു. നികുതിദായകരുടെ 4,300 കോടി രൂപ ചെലവില്‍ വിമാനം പരിഷ്‌കരിച്ച് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ഇത് യുഎസിന്റെ അന്തസിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിമാനം കൈമാറുന്നതുമായി ബന്ധപ്പെട്ട് ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി സൗദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനിയും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ജൂലൈ ഏഴിന് ധാരണാപത്രത്തില്‍ ഒപ്പിട്ടിരുന്നു. യാതൊരു ഉപാധികളുമില്ലാതെ ഖത്തര്‍ യുഎസിന് വിമാനം സമ്മാനമായി നല്‍കുന്നുവെന്നാണ് ധാരണാപത്രം പറയുന്നത്.