എച്ച്1ബി വിസ; പദ്ധതി പൂര്‍ണമായി ഇല്ലാതാക്കാനുള്ള ബില്ല് അവതരിപ്പിക്കാനൊരുങ്ങി അമേരിക്കന്‍ ജനപ്രതിനിധി

Update: 2025-11-14 10:13 GMT

ന്യൂയോര്‍ക്ക്: എച്ച്1ബി വിസ പദ്ധതി പൂര്‍ണമായി ഇല്ലാതാക്കാനുള്ള ബില്ല് അവതരിപ്പിക്കാനൊരുങ്ങി അമേരിക്കന്‍ ജനപ്രതിനിധി. ഇതോടെ, എച്ച്1 ബി വിസ വഴി യുഎസിലെത്തി പൗരത്വം നേടാനുള്ള വിദേശികളുടെ വഴി അടയുമെന്നും ജോര്‍ജിയയില്‍നിന്നുള്ള ജനപ്രതിനിധി മാജറി ടെയ്ല ഗ്രീന്‍ എക്‌സില്‍ പങ്കുവച്ച വിഡിയോയില്‍ അറിയിച്ചു. ജോലിക്കായി യുഎസില്‍ എത്തുന്ന വിദേശികള്‍ ആ വിസ കാലാവധി കഴിയുമ്പോള്‍ തിരിച്ചുപോകുന്ന തരത്തില്‍ നിയമം മാറ്റണമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ അവരുടെ ആവശ്യം.

എച്ച്1ബി വിസയുടെ യഥാര്‍ഥ ഉദ്ദേശ്യം പുനസ്ഥാപിക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം. അത് താല്‍ക്കാലികമായിരിക്കണം എന്നതായിരുന്നു ഈ വിസയുടെ യഥാര്‍ഥ ലക്ഷ്യം. ഈ വിസകള്‍ ഒരു പ്രത്യേക സമയത്തെ തൊഴില്‍പരമായ ആവശ്യം നിറവേറ്റാനുള്ളതാണെന്നും ആളുകളെ ഇവിടെ എന്നെന്നേക്കുമായി വന്നു താമസിക്കാന്‍ അനുവദിക്കരുതെന്നും അവര്‍ പറഞ്ഞു.

യുഎസിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന, അവര്‍ക്കു പരിചരണം നല്‍കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയ മെഡിക്കല്‍ പ്രഫഷനലുകള്‍ക്കു നല്‍കുന്ന വിസകള്‍ക്കു പ്രതിവര്‍ഷം 10,000 എന്ന പരിധി അനുവദിക്കുന്ന ഒരു ഇളവു മാത്രമേ തന്റെ ബില്ലില്‍ ഉണ്ടാകൂ എന്നും അവര്‍ വ്യക്തമാക്കി. തന്റെ ബില്ല് പൗരത്വത്തിലേക്കുള്ള വഴി ഇല്ലാതാക്കുമെന്നും ഗ്രീന്‍ കൂട്ടിച്ചേര്‍ത്തു.

Tags: