ന്യൂയോര്‍ക്ക്: ഇസ്രായേലി ഉപരോധത്തിന് കീഴിലുള്ള ഗസയില്‍ അന്താരാഷ്ട്ര സൈന്യത്തെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട കരട് പ്രമേയം പുറത്തുവിട്ട് യുഎസ്. വിവിധ ലോകരാഷ്ട്രങ്ങള്‍ക്ക് നല്‍കിയ കരട് പ്രമേയം വേണ്ട തിരുത്തലുകള്‍ക്ക് ശേഷം യുഎന്‍ സുരക്ഷാ സമിതിയില്‍ അവതരിപ്പിക്കാനാണ് യുഎസിന്റെ തീരുമാനം. ജനുവരിയോടെ ഗസയില്‍ അന്താരാഷ്ട്ര സൈന്യത്തെ വിന്യസിക്കാനാണ് യുഎസിന്റെ പദ്ധതി. ഈ സൈന്യം ഒരു സമാധാന സൈന്യമല്ലെന്നും വെടിനിര്‍ത്തല്‍ ഉറപ്പാക്കാനുള്ള സൈന്യമാണെന്നും കരട് പ്രമേയം പറയുന്നു. ബോര്‍ഡ് ഓഫ് പീസ് എന്ന സംവിധാനത്തിന് കീഴിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക. ഇസ്രായേലിന്റെയും ഈജിപ്തിന്റെയും ഗസ അതിര്‍ത്തികളിലാണ് ഈ സൈന്യം പ്രവര്‍ത്തിക്കുക. അവര്‍ പുതിയ ഫലസ്തീനി പോലിസിന് പരിശീലനവും നല്‍കും.
യുഎന്‍ സുരക്ഷാസമിതി പ്രമേയം പരിശോധിച്ച ശേഷമേ സൈന്യത്തെ നല്‍കൂയെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാന്‍ ഇന്നലെ പറഞ്ഞിരുന്നു. ''അന്തിമപ്രമേയത്തിന് അനുസൃതമായിട്ടായിരിക്കും ഞങ്ങള്‍ സംസാരിച്ച രാജ്യങ്ങളും സൈന്യത്തെ വിട്ടുനല്‍കുക.''- ഫിദാന്‍ വിശദീകരിച്ചു. തുര്‍ക്കിയും ആറ് ഇസ്‌ലാമിക രാജ്യങ്ങളുടെ പ്രതിനിധികളുമാണ് ഇന്നലെ ഇസ്തംബൂളില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്.