കോവിഡ് പിഴവുകള്‍ക്ക് ചൈന ഉത്തരവാദിയാണെന്ന് യുഎസ് കോടതി; 24,00 കോടി ഡോളര്‍ പിഴ ചുമത്തി
മിസോറി: കൊവിഡ് മഹാമാരിയുടെ തുടക്കം ചൈന മറച്ചുവെച്ചെന്നും സുരക്ഷാ ഉപകരണങ്ങള്‍ പൂഴ്ത്തിവെച്ചെന്നും യുഎസ് കോടതി. യുഎസില്‍ കൊവിഡുണ്ടാക്കിയ നഷ്ടത്തിന് ചൈന 2,400 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും മിസോറി ഫെഡറല്‍ കോടതി ജഡ്ജി സ്റ്റീഫന്‍ എന്‍ ലിംബോഗ് ജൂനിയറിന്റെ വിധി പറയുന്നു. ചൈനീസ് സര്‍ക്കാര്‍ നഷ്ടപരിഹാരം അടച്ചില്ലെങ്കില്‍ ചൈനയുടെ യുഎസിലുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.
മിസോറി അറ്റോണി ജനറലായിരുന്ന എറിക് ഷിമിഡിറ്റാണ് 2020 ഏപ്രിലില്‍ കേസ് ഫയല്‍ ചെയ്തത്. കൊവിഡ് വൈറസ് പടരുന്ന കാര്യം ചൈനീസ് സര്‍ക്കാര്‍ മറച്ചുവെച്ചെന്നാണ് എറിക് ഹരജിയില്‍ ആരോപിച്ചിരുന്നത്. വൈറസിന്റെ അപകടസാധ്യതയെ കുറിച്ച് ചൈന ലോകത്തെ അറിയിച്ചില്ലെന്നും സുരക്ഷാ കിറ്റുകളില്‍ കുത്തക ഏര്‍പ്പെടുത്തിയെന്നും കോടതി വിധി പറയുന്നു.
അതേസമയം, യുഎസ് കോടതി വിധി അംഗീകരിക്കുന്നില്ലെന്ന് ചൈനയുടെ യുഎസ് അംബാസഡറായ ല്യു പെങ്യു പറഞ്ഞു. വസ്തുതകളുടെ അടിസ്ഥാനമില്ലാത്ത വിധിക്ക് അന്താരാഷ്ട്ര പ്രാധാന്യമില്ലെന്നും ചൈനീസ് അംബാസഡര്‍ പറഞ്ഞു.