മഞ്ഞുവീഴ്ചയിലും കൊടുങ്കാറ്റിലും വലഞ്ഞ് യുഎസ്; 5,000ത്തോളം വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു, വൈദ്യുതിയില്ല
അമേരിക്കയില്‍ പത്തുവര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ മഞ്ഞുവീഴ്ച
വാഷിങ്ടണ്‍: അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് 5,000ത്തോളം വിമാനങ്ങള്‍ റദ്ദാക്കി. മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തില്‍ അമേരിക്കയിലെ സ്ഥിതിഗതികള്‍ മോശമായി തുടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച അമേരിക്കയുടെ കിഴക്കന്‍ തീരത്തുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിലും മഞ്ഞുകാറ്റിനേയും തുടര്‍ന്ന് അമേരിക്കയിലുടനീളം 5,675ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഫ്‌ലൈറ്റ് അവേര്‍ റിപോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി തടസപ്പെട്ടു. ന്യൂയോര്‍ക്കില്‍ ഉച്ചവരെ അത്യാവശ്യമല്ലാത്ത യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. യുഎസിലും കാനഡയിലും അതിശക്തമായ വീഴ്ചയും കാറ്റുമുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ അമേരിക്ക കടന്നു പോകുന്നതെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 59 ദശലക്ഷത്തോളം ആളുകളെയാണ് മഞ്ഞുവീഴ്ച പ്രതികൂലമായി ബാധിക്കുക. ന്യൂയോര്‍ക്ക് സിറ്റിയില്‍ റോഡുകളും പാലങ്ങളും സ്‌കൂളുകളുമടക്കം അടച്ചിട്ടിരിക്കുകയാണ്. ഹിമപാത മുന്നറിയിപ്പിനെ തുടര്‍ന്ന് ആളുകളോട് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണിതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. മെട്രോപൊളിറ്റന്‍ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ രണ്ട് അടിയില്‍(60 സെന്റീമീറ്റര്‍)കൂടുതല്‍ മഞ്ഞ് വീഴ്ച്ചയുണ്ടായി. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ യോഗം മാറ്റിവെച്ചു.
കനത്ത മഞ്ഞുവീഴ്ച നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ ഒന്നര ലക്ഷത്തിലധികം ആളുകള്‍ക്ക് വൈദ്യുതി ലഭ്യമാകില്ലെന്ന് ഔദ്യോഗിക അറിയിപ്പുണ്ട്. അമേക്കയിലെ തീരദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും ചരിത്രം കണ്ട ഏറ്റവും വലിയ മഞ്ഞുവീഴ്ചയ്ക്ക് അമേരിക്ക സാക്ഷിയാകേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈദ്യുതി തടസ്സങ്ങള്‍ മൂലം നഗരങ്ങള്‍ വലഞ്ഞു. ഈ ആഴ്ച അവസാനത്തോടെ ഈ മേഖലയിലേക്ക് കൂടുതല്‍ മഞ്ഞ് വീഴാന്‍ സാധ്യതയുള്ള മറ്റൊരു കൊടുങ്കാറ്റിനെ നിരീക്ഷിക്കുന്നുണ്ടെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് അറിയിച്ചു.

