ട്രംപിന്റെ പിടിവാശിയില്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച് യുഎസ് സര്‍ക്കാര്‍

Update: 2025-10-01 06:46 GMT

വാഷിങ്ടണ്‍: യുഎസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ തമ്മിലെ ചര്‍ച്ച പൊളിഞ്ഞതോടെ ഫെഡറല്‍ ഫണ്ടിംഗ് കരാറില്‍ അനിശ്ചിതത്വം. ട്രംപിന്റെ കടുത്ത നിലപാടില്‍ തട്ടി സര്‍ക്കാര്‍ ഔദ്യോഗികമായി അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു.

സെപ്റ്റംബര്‍ 30നു രാത്രി 12നകം ബില്‍ പാസാകേണ്ടതായിരുന്നെങ്കിലും ധാരണയായി തീര്‍ന്നില്ല. ഒക്ടോബര്‍ ഒന്നിന് പുലര്‍ച്ചെ മുതല്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ തളരും. ആരോഗ്യസേവനം, എയര്‍ ട്രാഫിക്, അതിര്‍ത്തി സുരക്ഷ എന്നിവ ഒഴികെയുള്ള ഫെഡറല്‍ വകുപ്പുകള്‍ പൂര്‍ണമായും അടച്ചുപൂട്ടും.

ഷട്ട്ഡൗണ്‍ പ്രാബല്യത്തില്‍ വന്നാല്‍ ഏകദേശം 7.5 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരെ ശമ്പളരഹിത നിര്‍ബന്ധിത അവധിയിലാക്കും. സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്ന സബ്‌സിഡി പദ്ധതികളും സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.

2018ല്‍ 35 ദിവസം നീണ്ട ഷട്ട്ഡൗണ്‍ പോലെ തന്നെ ഈ തവണയും യുഎസ് സമ്പദ്വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന ആശങ്ക ഉയരുന്നു. ഓഹരി വിപണികള്‍ക്ക് തിരിച്ചടി, ജിഡിപിയില്‍ ഇടിവ്, തൊഴില്‍ നഷ്ടം തുടങ്ങിയ പ്രശ്‌നങ്ങളാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഡെമോക്രാറ്റുകളുടെ ആരോഗ്യ സബ്‌സിഡി ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച ട്രംപ്, ''വളരെയധികം ആളുകളെ പിരിച്ചുവിടേണ്ടി വരും, അവരില്‍ ഭൂരിഭാഗവും ഡെമോക്രാറ്റുകളായിരിക്കും'' എന്ന് പ്രസ്താവിച്ചു. നാസയുടെ ബഹിരാകാശ ദൗത്യങ്ങള്‍, അതിര്‍ത്തി സംരക്ഷണം പോലുള്ള പ്രധാന സേവനങ്ങള്‍ തുടരുമെങ്കിലും സാധാരണ തൊഴിലാളികളാണ് ഇതില്‍ ഏറ്റവും വലിയ ഇരയായിത്തീരുന്നത്.

Tags: