എച്ച്1ബി, എച്ച്4 വിസകള്‍ സംബന്ധിച്ച നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി യുഎസ്

Update: 2025-12-05 06:17 GMT

ന്യൂയോര്‍ക്ക്: എച്ച്-1ബി, എച്ച്-4 വിസകള്‍ സംബന്ധിച്ച നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയ യുഎസ്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സെന്‍സര്‍ഷിപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആരുടെയും അപേക്ഷ നിരസിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് വ്യക്തമാക്കി.

'എച്ച്-1ബി അപേക്ഷകരുടെയും അവരോടൊപ്പം യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളുടെയും റെസ്യൂമുകള്‍ അല്ലെങ്കില്‍ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലുകള്‍ പരിശോധിക്കാന്‍ യുഎസ് കോണ്‍സുലാര്‍ ഓഫീസര്‍മാര്‍ക്ക് ട്രംപ് നിര്‍ദേശം നല്‍കി. ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലെ ഒരു പ്രത്യേക വകുപ്പ് പ്രകാരം അപേക്ഷ നിരസിക്കാന്‍ അവകാശമുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.

അപേക്ഷകര്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് ഉറപ്പാക്കാന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കുമെന്ന് പറഞ്ഞ യുഎസ് ഇതിനുള്ള കാരണവും വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ, വിസയ്ക്കുള്ള യോഗ്യതയും പോസ്റ്റ് അധിഷ്ഠിത അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കപ്പെടും.

ഇതോടെ, അപേക്ഷകര്‍ക്ക് അമേരിക്കന്‍ വിരുദ്ധ വികാരമുണ്ടോ എന്നും അത്തരം ആളുകളെ പിന്തുണയ്ക്കുന്നുണ്ടോ എന്നും, അവരുടെ പോസ്റ്റുകളുടെയും കമന്റുകളുടെയും അടിസ്ഥാനത്തില്‍, ഡിസംബര്‍ 15 മുതല്‍ പരിശോധിക്കാന്‍ യുഎസ് സര്‍ക്കാര്‍ പദ്ധതിയിടുന്നു.

Tags: