പഹല്‍ഗാം ആക്രമണം; കശ്മീരിലെ റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് യുഎസ്
വാഷിങ്ടണ്‍: കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആണ് പ്രഖ്യാപനം നടത്തിയത്. ലഷ്‌കര്‍ ഇ ത്വയിബ എന്ന നിരോധിത സംഘടനയുടെ മുന്നണി സംഘടനയാണ് ടിആര്‍എഫ് എന്നും ആരോപണമുണ്ട്. മുംബൈ ആക്രമണത്തിനുശേഷം നടന്ന വലിയ ആക്രമണമാണ് പഹല്‍ഗാമിലേതെന്നും ഇന്ത്യന്‍ സൈന്യത്തിനു നേരെ നടത്തിയ പല ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തിട്ടുണ്ടെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു. ദേശീയ സുരക്ഷാ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ഭീകരവാദത്തെ ചെറുക്കാനും പഹല്‍ഗാം ആക്രമണത്തിന് നീതി നടപ്പാക്കാനും ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് നടപടികളെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.ഏപ്രില്‍ 22നാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ ആക്രമണം നടന്നത്. മലയാളി ഉള്‍പ്പെടെ 27 പേരാണ് കൊല്ലപ്പെട്ടത്.