ഇന്ത്യയ്ക്ക് 92.8 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ആയുധവില്‍പ്പനയ്ക്ക് യുഎസ് അംഗീകാരം

Update: 2025-11-20 07:46 GMT

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കായി 92.8 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ആയുധവില്‍പ്പനയ്ക്ക് യുഎസ് അനുമതി നല്‍കി. ജാവലിന്‍ മിസൈലുകളും എക്സ്‌കാലിബര്‍ പ്രോജക്ടൈലുകളും ഉള്‍പ്പെടുന്ന ആയുധക്കിറ്റിനാണ് ഡിഫന്‍സ് സെക്യൂരിറ്റി കോ-ഓപ്പറേഷന്‍ ഏജന്‍സി (ഡിഎസ്സിഎ) അംഗീകാരം അറിയിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ആവശ്യമായ എല്ലാ സര്‍ട്ടിഫിക്കേഷനുകളും യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്നും ഡിഎസ്സിഎ വ്യക്തമാക്കി.

വില്‍പ്പനയുടെ ആദ്യ പാക്കേജ് 45.7 മില്യണ്‍ ഡോളറിന്റെതായിട്ടാണ് കണക്കാക്കുന്നത്. ഇതില്‍ ടാങ്ക് വേധ ആയുധമായ എഫ്ജിഎം-148 ജാവലിന്‍ മിസൈലുകളും 25 ജാവലിന്‍ ലൈറ്റ് വെയ്റ്റ് കമാന്‍ഡ് ലോഞ്ച് യൂണിറ്റുകളും ഉള്‍പ്പെടുന്നു. സാങ്കേതിക സഹായം ഉള്‍പ്പെടെയുള്ള അനുബന്ധ സേവനങ്ങളും ഇതോടൊപ്പമുണ്ടാകും.

രണ്ടാമത്തെ പാക്കേജില്‍ എക്സ്‌കാലിബര്‍ പ്രോജക്ടൈലുകളും അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടുന്നു. ഇതിന് 47.1 മില്യണ്‍ ഡോളറാണ് വില. നിര്‍ദേശിച്ചിട്ടുള്ള ആയുധവില്‍പ്പന ഇന്ത്യയ്ക്ക് നിലവിലുള്ളതും ഭാവിയിലുണ്ടാകാവുന്നതുമായ ഭീഷണികളെ നേരിടാനും പ്രതിരോധം മെച്ചപ്പെടുത്താനുമുള്ള പിന്തുണയാകുമെന്ന് ഡിഎസ്സിഎ പറഞ്ഞു. പുതിയ സംവിധാനങ്ങള്‍ ഇന്ത്യന്‍ സേനയിലേക്ക് സംയോജിപ്പിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

Tags: