'മുലപ്പാലില്‍ യുറേനിയം'; ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍

Update: 2025-11-23 10:37 GMT

ന്യൂഡല്‍ഹി: ബിഹാറിലെ മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലില്‍ യുറേനിയം കണ്ടെത്തിയതായി പഠനം. സംഭവത്തില്‍ ആശങ്ക വേണ്ടെന്നും മുലയൂട്ടല്‍ തുടരണമെന്നും വിദഗ്ധര്‍ അറിയിച്ചു. പഠനത്തിന്റെ കണ്ടെത്തലുകള്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയുമില്ലെന്നും സാമ്പിളുകളില്‍ കണ്ടെത്തിയ യുറേനിയം ലോകാരോഗ്യ സംഘടനയുടെ അനുവദനീയമായ പരിധിയേക്കാള്‍ വളരെ താഴെയാണെന്നും ഡോ. ദിനേശ് കെ അസ്വാല്‍ പറഞ്ഞു.

പട്‌നയിലെ മഹാവീര്‍ കാന്‍സര്‍ സന്‍സ്ഥാന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി, ന്യൂഡല്‍ഹിയിലെ എയിംസ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുടെ സംഘം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ബ്രിട്ടീഷ് ജേണലായ 'സയന്റിഫിക് റിപോര്‍ട്ട്‌സ് പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ബഹാറില്‍ നിന്നുള്ള മുലപ്പാലിന്റെ സാമ്പിളുകളില്‍ 5 പിപിബി (പാര്‍ട്ട്സ് പെര്‍ ബില്യണ്‍) വരെ യുറേനിയം കണ്ടെത്തിയിട്ടുണ്ട്. അതായത് പഠനത്തിനെടുത്ത സാമ്പിളുകളില്‍ എല്ലാത്തിലും യുറേനിയം കണ്ടെത്തി. യുറേനിയം ആരോഗ്യത്തിന് അപകടം വരുത്തിയേക്കാമെങ്കിലും അളവ് അനുവദനീയമായ പരിധിക്ക് താഴെയായതുകൊണ്ടുതന്നെ അപകടസാധ്യതയില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.

ശാസ്ത്രീയ കണ്ടെത്തലുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുമ്പോഴോ സന്ദര്‍ഭമില്ലാതെ അവതരിപ്പിക്കുമ്പോഴോ അത് പലപ്പോഴും പൊതുജനങ്ങളില്‍ ഉത്കണ്ഠ വര്‍ദ്ധിക്കുമെന്ന് അസ്വാല്‍ പറഞ്ഞു. അതുകൊണ്ടുതന്നെയാണ് ഇക്കാര്യത്തില്‍ വ്യക്തമായ പഠനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ വിവരങ്ങള്‍ മാതൃ തീരുമാനങ്ങളെ സ്വാധീനിക്കുന്നത് തടയുക എന്നതാണ് ഡോ. അസ്വാളിന്റെ ഇടപെടല്‍ ലക്ഷ്യമിടുന്നത്. മുലയൂട്ടല്‍ ഒരു പോഷകാഹാര പ്രവൃത്തി മാത്രമല്ലെന്നും അത് പൊതുജനാരോഗ്യത്തിന്റെ അനിവാര്യതയാണെന്നും പറഞ്ഞ അസ്വാല്‍, ഭയത്തിന്റെ പേരില്‍ ഒരിക്കലും അത് നിര്‍ത്താനിടവരരുതെന്നും മുന്നറിയിപ്പ് നല്‍കി.

Tags: