യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; അനുജ് അഗ്‌നിഹോത്രിക്ക് ഒന്നാം റാങ്ക്, 18-ാം റാങ്ക് സ്വന്തമാക്കി മലയാളിയായ ശ്രുതി ആര്‍
ന്യൂഡല്‍ഹി: യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയുടെ അന്തിമഫലം പ്രസിദ്ധീകരിച്ചു. അനുജ് അഗ്‌നിഹോത്രിയാണ് ഒന്നാം റാങ്ക് നേടിയത്. മലയാളിയായ ശ്രുതി ആര്‍ 18ാം റാങ്ക് കരസ്ഥമാക്കി. കേരളത്തില്‍ നിന്ന് ശ്രീജ ജെ എസ് 57-ാം റാങ്കും അജയ് ആര്‍ 109-ാം റാങ്കും നേടി ശ്രദ്ധേയ നേട്ടം കൈവരിച്ചു.
പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവ വഴി ഫലം പരിശോധിക്കാം. റാങ്ക് പട്ടികയില്‍ ഇടംപിടിച്ചവരുടെ പേരും റോള്‍ നമ്പറും ഉള്‍പ്പെടുത്തിയ പിഡിഎഫ് വെബ്‌സൈറ്റിലെ 'ഫൈനല്‍ റിസള്‍ട്ട്' വിഭാഗത്തില്‍ ലഭ്യമാണ്.
2025 മേയ് 25നു നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് ആഗസ്റ്റ് 22 മുതല്‍ 31 വരെ മെയിന്‍ പരീക്ഷകള്‍ നടന്നു. അവസാന ഘട്ടമായ അഭിമുഖം ഫെബ്രുവരി 27നാണ് പൂര്‍ത്തിയായത്. അഭിമുഖം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ ഫലം പ്രസിദ്ധീകരിക്കുന്ന മുന്‍വര്‍ഷങ്ങളിലെ രീതിയാണ് കമ്മീഷന്‍ ഇത്തവണയും പിന്തുടര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 17ന് അഭിമുഖം അവസാനിച്ചതിന് പിന്നാലെ ഏപ്രില്‍ 22നാണ് ഫലം പുറത്തുവിട്ടത്.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കേഡര്‍ അനുവദിക്കുന്നതിനായുള്ള തുടര്‍നടപടികളും നിയമന നടപടികളും ഉടന്‍ ആരംഭിക്കും. പരീക്ഷയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അവരുടെ മാര്‍ക്കുകള്‍ പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ഉള്‍പ്പെടാത്തവര്‍ക്കും തങ്ങളുടെ മാര്‍ക്കുകള്‍ പരിശോധിക്കാന്‍ അവസരം ലഭിക്കും. മെറിറ്റ് അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളെ പട്ടികയില്‍ ക്രമീകരിച്ചിരിക്കുന്നത്.
