യുപിഎസ്‌സി പരീക്ഷാര്‍ത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; ലിവ് ഇന്‍ പാര്‍ടണര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: യുപിഎസ്‌സി പരീക്ഷാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ ലിവ് ഇന്‍ പാര്‍ട്ണറെ പോലിസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് സഹായിച്ച മറ്റു രണ്ടുപേരെയും അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. ഒക്ടോബര്‍ ആറിനാണ് ഗാന്ധി വിഹാര്‍ പ്രദേശത്തെ ഫ്‌ളാറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ബിഎസ്‌സി ഫോറന്‍സിക് സയന്‍സ് പഠിക്കുന്ന 21കാരിയാണ് കൊല്ലപ്പെട്ടത്. ഫ്‌ളാറ്റിലെ എസി പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തമാണ് കാരണമെന്നാണ് ആദ്യം അനുമാനിച്ചത്. എന്നാല്‍, തലേദിവസം ഒരു സ്ത്രീ അടക്കം രണ്ടുപേര്‍ ഫ്‌ളാറ്റിലേക്ക് പോവുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. ഇതില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. കൊലപാതകികള്‍ എത്തിയത് ലിവ് ഇന്‍ പാര്‍ട്ണറുടെ നിര്‍ദേശപ്രകാരമാണെന്നും വ്യക്തമായി. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം എണ്ണയും നെയ്യും മദ്യവും ഒഴിച്ച് കത്തിക്കുകയായിരുന്നു. അതിന് ശേഷം എല്‍പിജി സിലിണ്ടര്‍ തുറന്നിട്ട് സ്‌ഫോടനവുമുണ്ടാക്കി. യുവതിയുടെ കംപ്യൂട്ടറുകളും മെമ്മറി ഡ്രൈവുകളുമായാണ് പ്രതികള്‍ സ്ഥലം വിട്ടത്.