തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ ഇന്നും ബഹളം. ബാനറുകളും പ്ലക്ക് കാര്‍ഡുകളുമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്തിയത്. സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷം സമരത്തിലാണെന്ന് പ്രതിപക്ഷ നേതാവ് സതീശന്‍ പറഞ്ഞു.
സത്യം മുഖത്ത് വന്നടിക്കുമ്പോള്‍ അതിന് നേരെ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷവും പ്രതിപക്ഷ നേതാവുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. അവര്‍ കണ്ണടച്ചാല്‍ അവര്‍ക്ക് മാത്രമാണ് ഇരുട്ടാകുന്നതെന്നും ലോകത്തിനാകെ ഇരുട്ടാകില്ലെന്നും പ്രതിപക്ഷവും പ്രതിപക്ഷ നേതാവും മനസിലാക്കണമെന്നും എം ബി രാജേഷ് വ്യക്തമാക്കി. ശ്രീനിവാസന്റെ സിനിമയായ വടക്കുനോക്കിയന്ത്രത്തിലെ മാമുക്കോയയുടെ 'ഇമ്മാതിരി സമയത്തല്ല ഇതുപോലെയുള്ള വര്‍ത്തമാനം പറയേണ്ടത്' എന്ന ഡയലോഗ് പരാമര്‍ശിച്ച് എം ബി രാജേഷ് പ്രതിപക്ഷ നേതാവിനെ പരിഹസിച്ചു.
എന്നാല്‍ ഡയസില്‍ കയറിയ പ്രതിപക്ഷ എംഎല്‍എമാരുടെ നടപടി ശരിയല്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ ഒരു ബാരിക്കേഡ് മറിച്ച് കടക്കുന്നത് പോലെയാണ് പല എംഎല്‍എമാരും ഡയസില്‍ കയറിയത്. അത് ജനാധിപത്യത്തിന് ഭൂഷണമല്ല. സ്പീക്കറെ തെരുവിലിട്ട് അലക്കുന്നരീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സഭ പിരിഞ്ഞതിന് പിന്നാലെ ഭരണപക്ഷ അംഗങ്ങള്‍ സ്വര്‍ണക്കൊള്ള വിഷയം ഉയര്‍ത്തി യുഡിഎഫിനെതിരെ പ്ലക്ക് കാര്‍ഡുകളുമായി പുറത്തെത്തുകയും ചെയ്തു.