യുപിഐ യുഎഇയിലേക്ക്: ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാന്‍ പാസ്പോര്‍ട്ടും ഫോണും മതിയാകും
ദുബൈ: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ പാസ്‌പോര്‍ടും മൊബൈല്‍ഫോണും മാത്രം കൈയ്യില്‍ കരുതിയാല്‍ മതിയാവുന്ന കാലം അടുക്കുന്നു. യുപിഐ ആപ്പ് വഴി എല്ലാ സാമ്പത്തിക ഇടപാടുകളും നടക്കാന്‍ സാധ്യതയുണ്ടെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പറഞ്ഞു. ഇന്ത്യയുടെ തത്സമയ പേയ്‌മെന്റ് സംവിധാനമായ യുപിഐ യുഎഇയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് ശൃംഖലയുമായി കൈകോര്‍ക്കുന്നതോടെയാണ് ഇത് യാഥാര്‍ഥ്യമാവുക.
യുപിഐയുമായി ധാരണയാകുന്നതോടെ യുഎഇയിലേക്കെത്തുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇതുവരെ ഉണ്ടായിരുന്നതിനേക്കാള്‍ മികച്ചതും വേറിട്ടതുമായ യാത്രാനുഭവമാണ് ലഭിക്കുകയെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) അന്താരാഷ്ട്ര വിഭാഗമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡ് (എന്‍ഐപിഎല്‍) സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ കോണ്‍സല്‍ ജനറല്‍ വ്യക്തമാക്കി.
നിലവില്‍ ദുബൈ ഡ്യൂട്ടി ഫ്രീ, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ മുന്‍നിര ഔട്ട്‌ലെറ്റുകളില്‍ ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് അവരുടെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളില്‍നിന്നും നേരിട്ട് പണമടയ്ക്കാന്‍ യുപിഐ ഉപയോഗിക്കാം. യുഎഇയുടെ പ്രാദേശിക പേയ്‌മെന്റ് സംവിധാനമായ എഎഎന്‍ഐയുമായി യുപിഐയെ സംയോജിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. നാലുമാസത്തിനകം ദുബൈയിലെ ടാക്‌സികളില്‍ യുപിഐ ഉപയോഗിച്ച് പണം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ചര്‍ച്ചകളും പുരോഗമിക്കുകയാണ്.