മതപരിവര്‍ത്തനം ആരോപിച്ച് ബിസിനസുകാരന്റെ കെട്ടിടങ്ങള്‍ പൊളിച്ചു; എട്ടരലക്ഷത്തിന്റെ ബില്ല് നല്‍കി ജില്ലാ ഭരണകൂടം
ലഖ്‌നോ: മതപരിവര്‍ത്തനം ആരോപിച്ച് വീടുകളും കെട്ടിടങ്ങളും തകര്‍ത്തതിന്റെ ചെലവും കേസിലെ ആരോപണ വിധേയന്‍ വഹിക്കണമെന്ന് ജില്ലാ ഭരണകൂടം. ബല്‍റാംപൂര്‍ ജില്ലയിലെ യുത്രാല പ്രദേശത്തെ ജലാലുദ്ദീന്‍ ഷായുടെ വീടുകളും കെട്ടിടങ്ങളും തകര്‍ത്തതിന് ജലാലുദ്ദീന്‍ ഷാ 8.5 ലക്ഷം രൂപ നല്‍കണമെന്നാണ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. 15 ദിവസത്തിനകം പണം കെട്ടണമെന്നാണ് നിര്‍ദേശം.
നിരവധി ഹിന്ദുക്കളെ ജലാലുദ്ദീന്‍ ഷാ ഇസ്ലാമില്‍ ചേര്‍ത്തെന്നാണ് യുപി ഭീകരവിരുദ്ധ സേന ആരോപിക്കുന്നത്. ഏകദേശം 300 കോടി രൂപയുടെ സ്വത്ത് ജലാലുദ്ദീന്‍ ഷായ്ക്കുണ്ടെന്നാണ് പോലിസ് പറയുന്നത്. നിലവിലെ കടുത്ത നിയമങ്ങള്‍ വച്ചും ഒരു കോടതിയും ജലാലുദ്ദീന്‍ ഷായെ കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കെട്ടിടങ്ങളും വീടുകളും പൊളിച്ചു കഴിഞ്ഞു.
ജലാലുദ്ദീന്‍ ഷായും സഹപ്രവര്‍ത്തകരും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇസ്ലാമിക രാജ്യങ്ങളിലേക്ക് 50 തവണ യാത്ര നടത്തിയെന്നും എടിഎസ് ആരോപിക്കുന്നു. മതപരിവര്‍ത്തനത്തിന് പണം സംഘടിപ്പിക്കാനാണ് ഇതെന്ന് സംശയമുണ്ടെന്നാണ് എടിഎസ് പറയുന്നത്. ജൂലൈ അഞ്ചിനാണ് ജലാലുദ്ദീന്‍ ഷായെയും സഹപ്രവര്‍ത്തകയായ നസ്രീനെയും എടിഎസ് അറസ്റ്റ് ചെയ്തത്. മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് കേസ്. നസ്രീന്റെ ഭര്‍ത്താവ് നവീന്‍ റോഹ്റയേയും ജലാലുദ്ദീന്‍ ഷായുടെ മകന്‍ മെഹബൂബിനെയും ഏപ്രിലില്‍ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ 14 പേരെ കൂടെ അറസ്റ്റ് ചെയ്യാനുണ്ടെന്നാണ് എടിഎസ് പറയുന്നത്.
മുംബൈയില്‍ വച്ച് നസ്റീനെയും ഭര്‍ത്താവിനെയും ജലാലുദ്ദീന്‍ ഷാ മതം മാറ്റിയെന്നും അതിന് ശേഷം ബല്‍റാം പൂരിലേക്ക് കൊണ്ടുവന്നുവെന്നുമാണ് എടിഎസ് ആരോപിക്കുന്നത്. എന്നാല്‍, ഇരുവരും അത് നിഷേധിക്കുന്നു. ബ്രാഹ്‌മണ സ്ത്രീകളെ മതം മാറ്റുന്നവര്‍ക്ക് 15-16 ലക്ഷവും സര്‍ദാര്‍, ക്ഷത്രിയ സ്ത്രീകളെ മതം മാറ്റുന്നവര്‍ക്ക് 10-12 ലക്ഷവും മറ്റു ജാതിക്കാരെ മാറ്റുന്നവര്‍ക്ക് 8-10 ലക്ഷവും ജലാലുദ്ദീന്‍ വാഗ്ദാനം ചെയ്തെന്നും യുപി പോലിസ് ആരോപിക്കുന്നു. ഹിന്ദുത്വര്‍ കാലങ്ങളായി ആരോപിക്കുന്ന 'ലവ് ജിഹാദിന്റെ' സര്‍ക്കാര്‍ വേര്‍ഷനാണ് യുപിയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

