കണ്ണൂരില്‍ യുപി സ്വദേശിയുടെ മരണം; ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായെന്ന് പരാതി
കണ്ണൂര്‍: ശ്രീകണ്ഠപുരം പള്ളി ഗ്രൗണ്ടിനു സമീപം ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പോലിസ്. യുവാവിന്റെ മരണം ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലമാണെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
വെള്ളിയാഴ്ച രാവിലെയാണ് ഉത്തര്‍പ്രദേശ് സ്വദേശി നയിം സല്‍മാനിയെ(49)മരിച്ച നിലയില്‍ കാണപ്പെട്ടത്. ചേപ്പറമ്പിലെ ബാര്‍ബര്‍ ഷോപ്പിലെ ജീവനക്കാരനാണ് നയിം. തലേദിവസം കടയിലെത്തിയ യുവാക്കളുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായാണ് കണ്ടെത്തല്‍. ഫേഷ്യല്‍ ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
രാത്രി അഞ്ചംഗ സംഘം നയിമിനെ കടയില്‍വെച്ചും താമസസ്ഥലത്തുവെച്ചും ആക്രമിച്ചതായി കാണിച്ച് കടയുടമ ജോണി പോലിസില്‍ പരാതി നല്‍കിയിരുന്നു. ഫേഷ്യല്‍ ചെയ്തതിന്റെ ഫീസുമായി ബന്ധപ്പെട്ടായിരുന്നു മര്‍ദനം. 300 രൂപയുടെ ഫേഷ്യലിന് യുവാക്കള്‍ 250 നല്‍കിയതോടെയാണ് തര്‍ക്കമുണ്ടായത്. ഇത് ചോദ്യംചെയ്തതിന്റെ വിരോധത്തിലാണത്രെ നയിമിനെ അഞ്ചംഗസംഘം ആക്രമിച്ചതെന്നും ജോണി നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ ബൈക്കും സംഘം തകര്‍ത്തതായി പരാതിയിലുണ്ട്. ശ്രീകണ്ഠപുരം പോലിസ് കേസെടുത്ത് ഇവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.