മുസ്‌ലിം സ്വത്വം ഒളിച്ചുവച്ചെന്ന്; ഹോട്ടലുടമയെ പോലിസിന് കൈമാറി ബജ്‌റങ് ദളുകാര്‍

Update: 2025-09-26 03:46 GMT

ബറെയ്‌ലി: മതപരമായ സ്വത്വം ഒളിച്ചുവച്ചെന്നാരോപിച്ച് ധാബ ഉടമയായ മുസ്‌ലിമിനെ ഉത്തര്‍പ്രദേശ് പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയില്‍ നൈനിത്താള്‍ ഹൈവേയിലെ കടയിലാണ് സംഭവം. രാവിലെ ഭക്ഷണം കഴിക്കാന്‍ ഏതാനും ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ കടയില്‍ എത്തിയിരുന്നു. ഭക്ഷണം കഴിച്ച ശേഷം ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോഴാണ് കട ഉടമ മുസ്‌ലിം ആണെന്ന് മനസിലായതെന്ന് ബജ്‌റങ് ദളുകാര്‍ പറഞ്ഞു. തുടര്‍ന്ന് കൂടുതല്‍ ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ബഹളമുണ്ടാക്കി. അതോടെ പോലിസ് സ്ഥലത്തെത്തി കട ഉടമയെ കസ്റ്റഡിയില്‍ എടുത്തു.

ഹോട്ടല്‍ ബിസിനസ് നടത്തി അന്തസോടെ ജീവിക്കാനാണ് ശ്രമിച്ചതെന്നും കട നടത്തുന്നത് കുറ്റകൃത്യമല്ലെന്നും കട ഉടമ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പ്രദേശവാസികള്‍ കട ഉടമയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. പക്ഷേ, പോലിസ് നിര്‍ദേശ പ്രകാരം കട അടച്ചിട്ടിരിക്കുകയാണ്. മുസ്‌ലിം ഉടമസ്ഥതയിലുള്ള കടകള്‍ ബഹിഷ്‌കരിക്കണമെന്ന ഹിന്ദുത്വ ക്യാംപയിന്റെ ഭാഗമായാണ് മുസ്‌ലിം സ്ഥാപനങ്ങള്‍ ലക്ഷ്യമാക്കപ്പെടുന്നത്.