ഹോളി നിറം ശരീരത്തില്‍ പുരട്ടാന്‍ വിസമ്മതിച്ച മുസ്‌ലിം മധ്യവയസ്‌കനെ തല്ലിക്കൊന്നു

Update: 2025-03-15 18:43 GMT

ഉന്നാവ്(യുപി): ഹോളി ആഘോഷത്തിന്റെ ഭാഗമായ നിറങ്ങള്‍ സ്വന്തം ശരീരത്തില്‍ പുരട്ടാന്‍ വിസമ്മതിച്ച മുസ്‌ലിം മധ്യവയസ്‌കനെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ വെള്ളിയാഴ്ച്ച ഉച്ചക്ക് 1.15നാണ് സംഭവം. സദറിലെ ഖാസിം നഗര്‍ റാബണ്ണ മസ്ജിദിന് സമീപം താമസിക്കുന്ന 45 കാരനായ മുഹമ്മദ്  ശരീഫ് ആണ് കൊല്ലപ്പെട്ടിരിക്കുന്നതെന്ന് ഇംഗ്ലീഷ് ജാഗരണ്‍ റിപോര്‍ട്ട് ചെയ്തു.. മൊഹല്ല ഖഞ്ചി എന്ന പ്രദേശത്തെ തറവാട്ടില്‍ നിന്നും പള്ളിയിലേക്ക് ഓട്ടോയില്‍ പോവുമ്പോഴാണ് ശീതള്‍ മാതാ ക്ഷേത്രത്തിന് സമീപം ഹോളി ആഘോഷിക്കുകയായിരുന്ന ഒരു കൂട്ടം ശരീഫിനെ തടഞ്ഞത്.


ശരീരത്തിലേക്ക് നിറങ്ങള്‍ എറിഞ്ഞതോടെ ശരീഫ് എതിര്‍ത്തു. ഇത് തര്‍ക്കത്തിലേക്കും ആക്രമണത്തിലേക്കും വഴിവച്ചു. പ്രദേശത്തുണ്ടായിരുന്നവര്‍ ശരീഫിനെ രക്ഷിച്ചെങ്കിലും അല്‍പ്പസമയത്തിനകം കുഴഞ്ഞുവീണു മരിച്ചു. അമര്‍പാല്‍, മുന്നു, സവിത തുടങ്ങിയവരാണ് പ്രതികളെന്ന് നാട്ടുകാര്‍ പറയുന്നു.

സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്ന മുഹമ്മദ് ശരീഫ് അല്‍പ്പകാലം മുമ്പാണ് നാട്ടിലെത്തിയത്.

അതേസമയം, ഉത്തര്‍പ്രദേശിലെ ഭാഗ്പാതിന് സമീപം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ഒരു മുസ്‌ലിം യുവാവിനെ ഹോളി ആഘോഷിക്കുകയായിരുന്ന സംഘം ആക്രമിച്ചു. മതം ചോദിച്ച് സ്വത്വം തിരിച്ചറിഞ്ഞ ശേഷമായിരുന്നു ആക്രമണം. ശമീം എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്.video

courtesy : English Jagaran