കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ സ്‌കൂളുകളില്‍ പത്രവായന നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍
ലഖ്‌നോ: കുട്ടികളില്‍ വായനാശീലം വളര്‍ത്താന്‍ സ്‌കൂളുകളില്‍ പത്രവായന നിര്‍ബന്ധമാക്കാനൊരുങ്ങി യുപി സര്‍ക്കാര്‍. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ ചെലവഴിക്കുന്ന അതിരുകടന്ന സ്‌ക്രീന്‍ സമയം കുറയ്ക്കുക, വിമര്‍ശനാത്മകവും വിവേകപൂര്‍ണവുമായ ചിന്താശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി പാര്‍ഥസാര്‍ഥി സെന്‍ ശര്‍മ പുറത്തിറക്കിയ അറിയിപ്പില്‍, ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പെടുത്തി പത്രവായന സ്‌കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നവംബറില്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ തുടര്‍ച്ചയായാണ് പുതിയ നിര്‍ദേശം. കുട്ടികളില്‍ ശ്രദ്ധയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ പത്രവായന ഫലപ്രദമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.
പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ രാവിലെ നടക്കുന്ന അസംബ്ലിയില്‍ പത്തു മിനിറ്റ് പത്രവായനയ്ക്കായി മാറ്റിവെക്കും. ദിനംപ്രതി പത്രത്തില്‍ വരുന്ന ദേശീയ, അന്തര്‍ദേശീയ, കായിക വാര്‍ത്തകള്‍ കുട്ടികള്‍ അവതരിപ്പിക്കും. ഓരോ ദിവസവും അവതരണ ചുമതല വഹിക്കുന്ന കുട്ടികള്‍ മാറി വരും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും പദ്ധതി നടപ്പാക്കാനാണ് നിര്‍ദേശം. ഫലപ്രദമാണെന്ന് തെളിയുന്ന പക്ഷം മറ്റു സ്‌കൂളുകള്‍ക്കും ഇത് പിന്തുടരാനാകും. വായനാശീലവും ഏകാഗ്രതയും വര്‍ധിപ്പിക്കുന്നതിനു പുറമേ, പൊതുവിജ്ഞാനം, സമകാലിക വിഷയങ്ങളിലെ അടിസ്ഥാനബോധം, മല്‍സരപരീക്ഷകളിലെ മികച്ച പ്രകടനം, പദസമ്പത്തും ഭാഷാശൈലിയും മെച്ചപ്പെടുത്തല്‍ തുടങ്ങിയ നേട്ടങ്ങളും പത്രവായനയിലൂടെ കുട്ടികള്‍ക്ക് ലഭിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. വിവിധ കാഴ്ചപ്പാടുകള്‍ വായിച്ചറിയുന്നത് കുട്ടികളെ വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നും, ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. വ്യാജവാര്‍ത്തകളുടെ കാലഘട്ടത്തില്‍ കുട്ടികളെ ബോധവാന്മാരാക്കുന്നതിനും ഈ പദ്ധതി സഹായകരമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
ഇതോടൊപ്പം, മാസത്തിലൊരിക്കല്‍ അതത് മാസത്തിലെ പ്രധാന വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി സ്‌കൂളുകളില്‍ തന്നെ പത്രമോ മാസികയോ തയ്യാറാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ ഒന്‍പത് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ പ്രധാനപ്പെട്ട ഒരു എഡിറ്റോറിയല്‍ വിഷയത്തെ ആസ്പദമാക്കി ലേഖനങ്ങള്‍ തയ്യാറാക്കി ചര്‍ച്ചകളില്‍ പങ്കെടുക്കണം. ചെറിയ ക്ലാസുകളിലെ കുട്ടികള്‍ ശാസ്ത്രം, പരിസ്ഥിതി, കായികം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ശേഖരം തയ്യാറാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
