മുഹമ്മദ് അഖ്ലാഖിന്റെ ഘാതകര്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ പിന്‍വലിക്കാന്‍ യുപി സര്‍ക്കാരിന്റെ നീക്കം

Update: 2025-11-14 08:59 GMT

ലഖ്‌നോ: ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ മുഹമ്മദ് അഖ്ലാഖിന്റെ ഘാതകര്‍ക്കു മേലുള്ള കുറ്റങ്ങള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തിയതായി റിപോര്‍ട്ട്. പ്രതികള്‍ക്കെതിരായ എല്ലാ കുറ്റങ്ങളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് പരിഗണിക്കുന്ന ഗൗതം ബുദ്ധ നഗറിലെ അപ്പര്‍ സെഷന്‍സ് കോടതിയില്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ഓഗസ്റ്റ് 26 ന് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഗൗതം ബുദ്ധ നഗറിലെ അസിസ്റ്റന്റ് ജില്ലാ ഗവണ്‍മെന്റ് കൗണ്‍സലാണ് ഒക്ടോബര്‍ 15ന് കേസുകള്‍ പിന്‍വലിക്കല്‍ അപേക്ഷ സമര്‍പ്പിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 323 (സ്വമേധയാ പരിക്കേല്‍പ്പിക്കല്‍), 504 (മനപ്പൂര്‍വം അപമാനിക്കാല്‍), 506 (ക്രിമിനല്‍ ഭീഷണി) തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തിയിരുന്നത്.

ബീഫ് കൈവശം വച്ചെന്നാരോപിച്ചാണ് അയല്‍ക്കാര്‍ 52 വയസ്സുള്ള മുഹമ്മദ് അഖ്ലാഖിനെ കൊലപ്പെടുത്തിയത്. ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ കേസായിരുന്നിട്ടുപോലും ബിജെപിയുടെ യോഗി ആദിത്യനാഥ് അധികാരത്തില്‍ വന്ന ഉടന്‍ തന്നെ, കൊലപാതകത്തില്‍ കുറ്റാരോപിതരായ 18 ഗ്രാമീണരെയും 2017 സെപ്റ്റംബറോടെ ജാമ്യത്തില്‍ വിട്ടയച്ചു. പ്രതികളില്‍ ദാദ്രിയിലെ പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകന്‍ വിശാല്‍ റാണയും ഉള്‍പ്പെട്ടിരുന്നു.

Tags: