രാഹുലിനെ കണ്ട് ഉന്നാവോ അതിജീവിത

മോദിയേയും അമിത് ഷായേയും കാണണമെന്നും ആവശ്യം

Update: 2025-12-24 15:13 GMT

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ട് ഉന്നാവോ അതിജീവിത. അമ്മയ്ക്കും സാമൂഹിക പ്രവര്‍ത്തക യോഗിത ഭയാനക്കുമൊപ്പമാണ് യുവതി രാഹുലിനെ കാണാനെത്തിയത്. സോണിയാ ഗാന്ധിയുടെ വസതിയിലെത്തിയാണ് ഇവര്‍ രാഹുലിനെ കണ്ടത്. തങ്ങള്‍ കടന്നുപോകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറയാനാണ് രാഹുലിനെ കാണാനെത്തിയതെന്നും പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തരമന്ത്രിയേയും രാഷ്ട്രപതിയേയും കാണണമെന്നും യുവതി രാഹുലുമായുള്ള കൂടിക്കാഴ്ചക്കു മുന്‍പ് മാധ്യമങ്ങളോടു പറഞ്ഞു. തനിക്ക് നീതി വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയതാണോ അവള്‍ചെയ്ത തെറ്റ്? ഇരയായ പെണ്‍കുട്ടി ഭയത്തോടെ ജീവിക്കുകയും നിരന്തരം അതിക്രമത്തിനിരയാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുറ്റക്കാരനായ മുന്‍ ബിജെപി എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചത് തീര്‍ത്തും നിരാശാജനകവും ലജ്ജാകരവുമാണ്. പീഡകന് ജാമ്യവും ഇരയെ കുറ്റവാളിയെ പോലെ കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ഏത് തരത്തിലുള്ള നീതിയാണ്? നമ്മുടേത് ചത്ത സമ്പദ് വ്യവസ്ഥ മാത്രമല്ല, ഇത്തരം മനുഷ്യത്വരഹിതമായ സംഭവങ്ങളില്‍ കൂടി ചത്ത സമൂഹമായി മാറുകയാണ് നാം. ഒരു ജനാധിപത്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ശബ്ദമുയര്‍ത്തുക എന്നത് അവകാശമാണ്. അതിനെ അടിച്ചമര്‍ത്തുന്നത് കുറ്റമാണ്. ഇരയ്ക്ക് ബഹുമാനവും സുരക്ഷയും നീതിയുമാണ് വേണ്ടത്. നിസ്സഹായതയും ഭയവും അനീതിയുമല്ല', രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചിരുന്നു.

ഉന്നാവോ കേസിലെ പ്രതിയും ബിജെപി മുന്‍ നേതാവുമായ കുല്‍ദീപ് സിങ് സെന്‍ഗാറിന് ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ യുവതിയും മാതാവും യോഗിത ഭയാനക്കൊപ്പം ബുധനാഴ്ച ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ ബലംപ്രയോഗിച്ച് സ്ഥലത്തുനിന്ന് നീക്കംചെയ്യുകയായിരുന്നു. ചൊവ്വാഴ്ച ഇവര്‍ മൂവരും ഇന്ത്യാഗേറ്റിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

Tags: