കായികരംഗത്ത് യുവപ്രതിഭകള്‍ക്ക് അവസരം; കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം ഇന്റേണ്‍ഷിപ്പ് പദ്ധതി ആരംഭിച്ചു

Update: 2025-12-26 09:44 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ കായികരംഗത്തിന്റെ വളര്‍ച്ചയും യുവപ്രതിഭകളുടെ സജീവ പങ്കാളിത്തവും ലക്ഷ്യമിട്ട് കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം പുതിയ ഇന്റേണ്‍ഷിപ്പ് പദ്ധതി ആരംഭിച്ചു. സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേഷനില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പരിചയം നല്‍കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. കോളജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം.

പുതിയ നയപ്രകാരം പ്രതിവര്‍ഷം 452 ഇന്റേണ്‍ഷിപ്പുകളാണ് മന്ത്രാലയം വാഗ്ദാനം ചെയ്യുന്നത്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എസ്എഐ), നാഷണല്‍ ആന്റി-ഡോപ്പിങ് ഏജന്‍സി (എന്‍എഡിഎ), നാഷണല്‍ ഡോപ് ടെസ്റ്റിങ് ലബോറട്ടറി (എന്‍ഡിടിഎല്‍) എന്നീ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് ഇന്റേണ്‍ഷിപ്പുകള്‍ നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് മാസം 20,000 രൂപ സ്‌റ്റൈപന്റായി നല്‍കും. പദ്ധതിക്കായി വാര്‍ഷിക ബജറ്റില്‍ നിന്ന് 5.30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെയും അതിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് ഇന്റേണ്‍ഷിപ്പ് നടപ്പാക്കുക. സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേഷന്‍, ഗവേണന്‍സ്, കായിക ശാസ്ത്രം, ആന്റിഡോപ്പിങ്, ഇവന്റ് മാനേജ്‌മെന്റ്, കായികതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ തുടങ്ങിയ വിവിധ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തി പരിചയം നേടാന്‍ അവസരം ലഭിക്കും. ഇന്ത്യയുടെ കായിക വികസനത്തില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും കായികരംഗവുമായി ബന്ധപ്പെട്ട തൊഴില്‍സാധ്യതകള്‍ കണ്ടെത്താനും ഈ പദ്ധതി സഹായകരമാകുമെന്ന് പുതിയ നയം പുറത്തിറക്കിക്കൊണ്ട് യുവജനകാര്യ-കായിക മന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. രാജ്യത്തിന്റെ അന്താരാഷ്ട്ര കായിക സാന്നിധ്യം ശക്തിപ്പെടുന്ന സാഹചര്യത്തില്‍, പ്രൊഫഷണലായി പരിശീലനം നേടിയ മനുഷ്യവിഭവശേഷിയുടെ ആവശ്യകത വര്‍ധിച്ചുവരുന്നായും മന്ത്രി ചൂണ്ടിക്കാട്ടി.

Tags: