ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Update: 2024-12-12 09:58 GMT

ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും. 2023 സെപ്തംബര്‍ 2 നാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ഒരു ഉന്നതതല സമിതി രൂപീകരിച്ചത്.

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദായിരുന്നു സമിതി അധ്യക്ഷന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ വിവിധ കക്ഷികളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ശേഖരിച്ച ശേഷം, സമിതി 2024 മാര്‍ച്ച് 14 ന് റിപോര്‍ട്ട് സമര്‍പ്പിച്ചു. ആദ്യഘട്ടമായി ലോക്സഭയിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനും തുടര്‍ന്ന് 100 ദിവസത്തിനുള്ളില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ നടത്താനുമാണ് ശുപാര്‍ശ.

ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനുള്ള ഉന്നതതല സമിതിയുടെ ശുപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്നത് ലോക്സഭയിലും രാജ്യസഭയിലും അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്താല്‍, അത് ഒരേസമയം ലോക്സഭാ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള വലിയ ചുവടുവയ്പ്പായിരിക്കും എന്ന് മോദി കൂട്ടിചേര്‍ത്തു.

Tags: