കേന്ദ്ര ബജറ്റ്2026: രാജ്യത്തെ എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകള്‍; നാളികേര കൃഷിക്ക് പ്രത്യേക പ്രോല്‍സാഹന പദ്ധതി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജില്ലകളിലും വനിതകള്‍ക്കായി ഹോസ്റ്റലുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. ഗ്രാമീണ മേഖലയിലെ സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കി 'ഷി മാര്‍ട്ട്' എന്ന ആശയം നടപ്പാക്കും.
നാളികേര കൃഷിയുടെ വളര്‍ച്ച ലക്ഷ്യമിട്ട് 'കോക്കനട്ട് പ്രോമോഷന്‍ സ്‌കീം' നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിലൂടെ ഏകദേശം ഒരു കോടി കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. പ്രധാന നാളികേര ഉത്പാദന സംസ്ഥാനങ്ങളില്‍ ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകള്‍ നീക്കം ചെയ്ത് പുതിയ തെങ്ങുകള്‍ നട്ട് പുനര്‍കൃഷി നടത്തുന്നതിനും സര്‍ക്കാര്‍ പ്രോല്‍സാഹനം നല്‍കും.
ചന്ദനമരങ്ങളുടെ കൃഷിയും സംസ്‌കരണവും വികസിപ്പിക്കുന്നതിനായി മറ്റു സംസ്ഥാനങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുമെന്നും വ്യക്തമാക്കി. ഇന്ത്യന്‍ കശുവണ്ടിയെയും നാളികേരത്തെയും ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.