ഗസയിലെ 96% കുട്ടികളും ജീവിക്കുന്നത് മരണഭയത്തിലെന്ന് യുഎന്‍എഫ്പിഎ റിപോര്‍ട്ട്

Update: 2026-03-23 08:23 GMT

ഗസ: രണ്ട് വര്‍ഷത്തിലേറെയായി, ഇസ്രായേല്‍ സൈന്യം ഗസയില്‍ നിരന്തരമായ കൂട്ടക്കൊല നടത്തിവരികയാണ്. ഈ യുദ്ധത്തിന്റെ ആഘാതം കൂടുതലും മാനസികമായി ബാധിക്കുന്നത് കുട്ടികളെയാണ്. ഐക്യരാഷ്ട്രസഭയുടെ യുഎന്‍എഫ്പിഎ(ഐക്യരാഷ്ട്രസഭയുടെ ലൈംഗിക, പ്രത്യുല്‍പാദന ആരോഗ്യ ഏജന്‍സി)യുടെ റിപോര്‍ട്ട് പ്രകാരം 96% കുട്ടികളും ജീവിക്കുന്നത് മരണഭയത്തിലാണെന്നാണ് കണ്ടെത്തല്‍.

യുഎന്‍എഫ്പിഎയിലെ കൗമാര, യുവജന പ്രോഗ്രാം ഓഫീസര്‍ സീമ അലാമി അവതരിപ്പിച്ച കണക്കുകളില്‍ മനുഷ്യാവകാശ സംഘടനകള്‍ ഞെട്ടല്‍ പ്രകടിപ്പിക്കുകയും ഇതിന് ഇസ്രായേലിനെ കുറ്റപ്പെടുത്തുകയും ചെയ്തു.

മാനുഷിക പ്രതിസന്ധികളില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന കൗമാരക്കാരും യുവാക്കളുമാണ് മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ സ്ട്രഗിള്‍ ചെയ്യുന്നതെന്ന് സീമ അലാമി വിശദീകരിച്ചു. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, കൗമാരക്കാരില്‍ 61 ശതമാനം പേരും പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (ജഠടഉ) അനുഭവിക്കുന്നു. കൂടാതെ, 38 ശതമാനം പേര്‍ വിഷാദരോഗവും 41 ശതമാനം പേര്‍ ഉത്കണ്ഠയും അനുഭവിക്കുന്നു.അഞ്ച് യുവാക്കളില്‍ ഒരാള്‍ ആത്മഹത്യയെക്കുറിച്ച് ദിവസവും ചിന്തിക്കുന്നു.

റിപോര്‍ട്ട് അനുസരിച്ച്, ഈ പ്രതിസന്ധിയിലുള്ള പെണ്‍കുട്ടികളുടെ സ്ഥിതി കൂടുതല്‍ ഗുരുതരമാണ്. മുമ്പ് കുറഞ്ഞുകൊണ്ടിരുന്ന ഗസയിലെ ശൈശവ വിവാഹം ഇപ്പോള്‍ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2009 ല്‍ ഗസയിലെ ശൈശവ വിവാഹങ്ങള്‍ 25.5% ആയിരുന്നു, 2022 ല്‍ ഇത് 11% ആയി കുറഞ്ഞു, എന്നാല്‍ കുടുംബങ്ങള്‍ അതിജീവിക്കാന്‍ പാടുപെടുന്നതിനാല്‍ സമീപകാലത്ത് വീണ്ടും അത് ഉയരാന്‍ തുടങ്ങിയെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

Tags: