അനിശ്ചിതത്വം തുടരും; 'സേവ് നിമിഷപ്രിയ ആക്ഷൻ കൌൺസിൽ' പ്രവർത്തനം നിർത്തുന്നു
കൊച്ചി: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മോചനത്തിനായി കാത്തിരിക്കുന്ന നിമിഷപ്രിയയുടെ മോചനപ്രവർത്തനത്തിൽ വീണ്ടും അനിശ്ചിതത്വം. നിമിഷപ്രിയയുടെ മോചനത്തിനായി രൂപീകരിച്ച ‘സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ’ പ്രവർത്തനം താൽക്കാലികമായി നിർത്തുന്നതായി ഭാരവാഹികൾ അറിയിച്ചു.
സുവിശേഷ പ്രാസംഗികൻ പാസ്റ്റർ കെഎ പോളിന്റെ ഇടപെടലിൽ ഉണ്ടായ അതൃപ്തിയാണ് കൗൺസിലിന്റെ പുതിയ തീരുമാനത്തിന് പിന്നിലെന്ന് സൂചന. നിമിഷപ്രിയയുടെ കുടുംബം പോളിനൊപ്പം ചേർന്ന സാഹചര്യത്തിൽ, കൗൺസിൽ ഭാരവാഹികൾ പുതിയ വഴിത്തിരിവ് തേടുകയാണ്.
കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുമായി നടക്കുന്ന കൂടിയാലോചനയ്ക്കുശേഷമാണ് അന്തിമ തീരുമാനം എടുക്കുമെന്ന് കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ആക്ഷൻ കൗൺസിലിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നാണ് ഭാരവാഹികളുടെ വിലയിരുത്തൽ.
അതേസമയം, നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കെഎ പോൾ നടത്തിയ ഇടപെടലുകൾ കേന്ദ്രസർക്കാർ നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു.
നിമിഷപ്രിയയുടെ മോചനത്തിനായി തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ആക്ഷൻ കൗൺസിലിന്റെ തീരുമാനം കേസിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.