മറുപടി നല്‍കാന്‍ സൗകര്യമില്ല; മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സുരേഷ് ഗോപി

പൂരം അലങ്കോലപ്പെട്ട ദിവസത്തെ ആംബുലന്‍സ് യാത്രാ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് 'മൂവ് ഔട്ട്'എന്നാണ് പറഞ്ഞത്

Update: 2024-10-29 11:36 GMT

തൃശൂര്‍: പൂര നഗരിയിലേക്ക് ആംബുലന്‍സിലെത്തിയിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി. പൂരം അലങ്കോലപ്പെട്ട ദിവസത്തെ ആംബുലന്‍സ് യാത്രാ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് 'മൂവ് ഔട്ട്'എന്നാണ് പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരോട് മറുപടി നല്‍കാന്‍ സൗകര്യമില്ലെന്ന് കയര്‍ത്തുകൊണ്ട് അദ്ദേഹം പോവുകയായിരുന്നു. തൃശൂര്‍ പൂരത്തിലെ ആംബുലന്‍സ് യാത്രാ വിവാദത്തില്‍, ബിജെപി നേതാക്കളെയും ഞെട്ടിക്കുന്ന വിശദീകരണമാണ് ഇന്നലെ ചേലക്കരയിലെ ബിജെപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സുരേഷ് ഗോപി നല്‍കിയത്. തിരുവമ്പാടി ദേവസ്വത്തിലെത്തിയത് ആംബുലന്‍സിലല്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. സുരേഷ് ഗോപിയെ ആംബുലന്‍സില്‍ എത്തിച്ചത് തങ്ങളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രസംഗിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു പ്രതികരണം

നേരത്തെ സുരേഷ് ഗോപിയെ സുരാജ് ഗ്രൗണ്ടില്‍ എത്തിച്ചത് ആംബുലന്‍സിലാണെന്ന് പല തവണ ബിജെപി ജില്ലാ അധ്യക്ഷന്‍ കെ കെ അനീഷ് കുമാറും പറഞ്ഞിരുന്നു.പോലിസ് സുരേഷ് ഗോപിയെ ഒരുവിധത്തിലും പൂരനഗരിയിലേക്ക് കടത്തിവിടില്ലെന്ന നിലപാടെടുത്തപ്പോഴാണ് സേവാഭാരതിയുടെ ആംബുലന്‍സില്‍ അദ്ദേഹത്തെ കൊണ്ടുവന്നതെന്നാണ് അനീഷ് കുമാര്‍ പറഞ്ഞത്. സുരേഷ് ഗോപി പുലര്‍ച്ചെ ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

Tags: