ഗസയില്‍ അന്താരാഷ്ട്ര ഭരണം ഏര്‍പ്പെടുത്താനുള്ള കരട് പ്രമേയം യുഎന്‍ രക്ഷാസമിതി അംഗീകരിച്ചു; എതിര്‍ത്ത് ഹമാസ്

Update: 2025-11-18 02:22 GMT

ഗസ സിറ്റി: ഗസയില്‍ അന്താരാഷ്ട്ര സേനയുടെ വിന്യാസവുമായി ബന്ധപ്പെട്ട കരട് പ്രമേയം യുഎന്‍ രക്ഷാസമിതി അംഗീകരിച്ചു. തിരില്ലാത്ത 13 വോട്ടിനാണ് പ്രമേയം അംഗീകരിക്കപ്പെട്ടത്. ബ്രിട്ടന്‍, ഫ്രാന്‍സ്, സൊമാലിയ ഉള്‍പ്പെടെ 13 രാജ്യങ്ങള്‍ നിര്‍ദേശത്തെ പിന്തുണച്ചു. റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. പ്രമേയത്തില്‍ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഒരു പരാമര്‍ശവും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ യുഎന്‍ ഡയറക്ടര്‍ ലൂയിസ് ചാര്‍ബോണിയോ അഭിപ്രായപ്പെട്ടു. ഫലസ്തീനികളുടെ അവകാശങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതില്‍ പ്രമേയം പരാജയപ്പെട്ടുവെന്ന് ഹമാസ് പ്രതികരിച്ചു. സായുധ സംഘങ്ങളെ നിര്‍വീര്യമാക്കാന്‍ അന്താരാഷ്ട്ര സൈന്യത്തെ നിയോഗിക്കുന്നതിനെയും ഹമാസ് വിമര്‍ശിച്ചു.

ഗസയില്‍ അന്താരാഷ്ട്ര സൈനികരെ വിന്യസിപ്പിക്കുന്നതടക്കം ഗസയിലെ വെടിനിര്‍ത്തല്‍ നടപ്പാക്കല്‍, പുനര്‍നിര്‍മ്മാണം, ഭരണം എന്നിവയാണ് പദ്ധതിയില്‍ പറയുന്നതെങ്കിലും, അന്താരാഷ്ട്ര സംഘങ്ങളുടെ മേല്‍നോട്ടം ഫലസ്തീനികളുടെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വിദേശ നിയന്ത്രണത്തിന് വഴിയൊരുക്കുമെന്ന് ഹമാസും മറ്റ് സായുധ ഗ്രൂപ്പുകളും കരട് പ്രമേയത്തെ വിമര്‍ശിച്ചുകൊണ്ട് സൂചിപ്പിച്ചു. ഗസയുടെ ഭരണവും പുനര്‍നിര്‍മാണവും ഒരു വിദേശ സംഘടനയ്ക്ക് കൈമാറുന്നതോടെ ഫലസ്തീനികളുടെ സ്വയംഭരണം ഇല്ലാതാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ ഫലസ്തീനില്‍ നിന്നുള്ള സ്ഥാപനങ്ങളാണ് മാനുഷിക സഹായം കൈകാര്യം ചെയ്യേണ്ടതെന്നാണ് ഹമാസ് ഉള്‍പ്പെടെയുള്ള സംഘങ്ങളുടെ നിലപാട്. ഗസയില്‍ നിരായുധീകരണം നടത്തുകയോ ചെറുത്തുനില്‍ക്കാനുള്ള അവകാശം നിയന്ത്രിക്കുകയോ ചെയ്യുന്നതിനെയും ഹമാസ് നിരസിച്ചു. ഫലസ്തീന്‍ ഇതര സ്ഥാപനങ്ങള്‍ക്ക് ഗസയുടെ ഭരണത്തിലും സുരക്ഷയിലും അധികാരം നല്‍കുന്നത് ഇസ്രായേല്‍ അധിനിവേശത്തിനു പകരം മറ്റൊരു തരത്തിലുള്ള നിയന്ത്രമാണ് നടപ്പിലാവുകയെന്ന് ഹമാസ് വക്താവ് ഹസീം ഖാസിം പറഞ്ഞു.